ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി ഉയർന്നിരിക്കുന്നതിനാൽ സൂര്യതാപമേറ്റുളള പൊളളൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജില്ലയിലെ ചില സ്ഥലങ്ങളിൽ നിന്നും സൂര്യതാപം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. കാറും മറ്റും വെയിലത്ത് പാർക്കുചെയ്യുകയാണെങ്കിൽ കുട്ടികളെ തനിച്ചാക്കി ലോക്ക് ചെയ്ത് പോകരുത്. ഇത്തരം ചെറിയ കാര്യങ്ങൾ വരെ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കാം.
വേനൽക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുന്പോൾ ധാരാളം വെളളം കുടിക്കുക. ദാഹംതോന്നിയില്ലെങ്കിൽപ്പോലും ഓരോ മണിക്കൂർ കഴിയുന്പോഴും നാലുഗ്ലാസ് വെളളം കുടിക്കുക. ധാരാളം വിയർപ്പുളളവർ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവും കുടിയ്ക്കുക. കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങൾ ധരിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്പോൾ ഇടയ്ക്കിടെ തണലത്തേക്ക് മാറി നിൽക്കുകയും വെളളം കുടിയ്ക്കുകയും ചെയ്യുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. ചൂടു കൂടുതലുളള അവസരങ്ങളിൽ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ്രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. വീടിനകത്ത് ധാരാളം കാറ്റുകടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്തുപോകത്തക്ക രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക.
മദ്യപാനവും, ചായ, കാപ്പി, കൊക്കക്കോള പോലുളള പാനീയങ്ങൾ എന്നിവയും ഒഴിവാക്കുക. സൂര്യാഘാതത്തിന്റെ സംശയം തോന്നിയാൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് മാറുക, തണുത്ത വെളളം കൊണ്ട് ശരീരംതുടയ്ക്കുക, വീശുക, ഫാൻ, എസി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം വെളളം കുടിയ്ക്കുക. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക, കഴിയുന്നതും വേഗം ഡോക്ടറുടെഅടുത്ത് എത്തിക്കുക എന്നിവ ശ്രദ്ധിക്കണം.