കടുത്തുരുത്തി: വീട്ടുജോലിക്കായെത്തിയ സ്ത്രീ എട്ടേകാൽ പവൻ സ്വർണാഭരണം കവർന്നതായി പരാതി. കോതനല്ലൂർ പാലത്തടത്തിൽ സാബുവിന്റെ ഭാര്യ മേരിയാണ് തന്റെ 66 ഗ്രാം സ്വർണാഭരണങ്ങൾ മോഷണം പോയതായി കാണിച്ചു കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്.
വീട്ടുവേലക്കായെത്തിയിരുന്ന കാണക്കാരി മഴുവിനാക്കുന്നേൽ പ്രവീണ (24) ക്കെതിരേയാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. സംഭവം സംബന്ധിച്ചു പരാതിയിൽ പറയുന്നതിങ്ങനെ – തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയായ അതിരന്പുഴ പണ്ടാരക്കളത്തിൽ അമ്മിണി ജോസഫിന് ഭക്ഷണത്തിൽ മയക്ക് മരുന്ന് നൽകി പണവും സ്വർണവും കവർന്ന കേസിൽ പ്രവീണ അറസ്റ്റിലായിരുന്നു. ഈ വാർത്ത കഴിഞ്ഞ ദിവസം പത്രം അടുക്കി വയ്ക്കുന്നതിനിടെ മേരിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് മോഷണ വിവരം അറിയാൻ സഹായിച്ചത്.
പത്രത്തിലെ ഫോട്ടോ കണ്ടപ്പോഴാണ് ഇവർ തങ്ങളുടെ വീട്ടിൽ ജോലിക്കായി മാസത്തിൽ പലപ്രാവശ്യം വന്നുപോയ പ്രവീണയാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് സംശയം തോന്നി മേരി വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് ആറ് പവന്റെ മാലയും രണ്ടേകാൽ പവന്റെ വളയും രണ്ട് ഗ്രാം വരുന്ന കമ്മലും നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വീട്ടിലെത്തിയ പ്രവീണ മേരിയോടൊപ്പം ഭക്ഷണം കഴിച്ചെങ്കിലും മീൻകറി കൂട്ടിയിരുന്നില്ല. ഈ കറി കഴിച്ച മേരിക്ക് ഏതാനും സമയത്തിനകം തലകറക്കം ഉണ്ടായിരുന്നു. വൈകുന്നേരം വരെ വീട്ടമ്മ മയക്കത്തിലുമായിരുന്നു. രാത്രിയിൽ കടയിൽനിന്ന് വീട്ടിലെത്തിയ സാബുവിനും മീൻകറി കഴിച്ച് ഏതാനും സമയത്തിനകം അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു.
ഈ സമയമത്രയും പ്രവീണ ജോലികൾ ചെയ്ത് വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ 21 ന് കോതനല്ലൂരിൽ നിന്നാണ് അതിരന്പുഴയിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രവീണയെ ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. ഇവർ ഇപ്പോൾ സബ്ജയിലിൽ റിമാൻഡിലാണ്. കോട്ടയത്തുനിന്നെത്തിയ സയന്റിഫിക് വിദഗ്ധർ വീട്ടിൽ പരിശോധന നടത്തി.