കോഴിക്കോട്: മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ചയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് സ്വദേശിയും വെള്ളയിലിലെ ഭാര്യവീട്ടിൽ താമസക്കാരനുമായ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ(42) മൃതദേഹമാണ് വെള്ളയില്‍ ലയണ്‍സ് പാര്ക്കിന് പിറകുവശത്തെ ബീച്ചില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്.
കഴുത്തില്‍ കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം . ആത്മഹത്യചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. എകദേശം 23 കിലോയോളം ഭാരമുള്ള കല്ല് കഴുത്തില്കെട്ടിയശേഷം കടലിലേക്ക് ചാടിയതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്.
എങ്കിലും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. മാറാട് കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. മാറാട് കലാപവുമായി ബന്ധപ്പെട്ട് 83/2003 നന്പറിൽ ക്രെംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തകേസില്‍ ഇല്യാസ് 33-ാം പ്രതിയാണ്.
മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. രണ്ടു ദിവസമായി ഇല്യാസിനെ കാണാതായിട്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
ഇതു സംബന്ധിച്ച് ഇവര്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.