പിറവം: സ്റ്റോപ്പിൽ നിർത്തണമെന്നാവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ കെഎസ്ആർടിസി ബസ് കണ്ടക്ടറെ റിമാൻഡ് ചെയ്തു. പാലാ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ പുളിയന്നൂർ പടിഞ്ഞാറ്റുങ്കര നടുവേത്തത്ത് എൻ. പ്രവീണിനെ ഇന്നലെ രാത്രി എട്ടോടെയാണ് റിമാൻഡ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ പ്രതിയെ പിറവം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. സംഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാദമായതോടെ കണ്ടക്ടറെ തിരികെ വിളിച്ചുവരുത്തി രാത്രി എട്ടോടെ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. ഉന്നത ഇടപെടലിനെത്തുടർന്നാണ് പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചതെന്ന് പിറവം പോലീസിനെതിരേ വ്യാപകമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷയുടെ മുന്നോടിയായി മുളന്തുരുത്തി തുരുത്തിക്കരയിലെ കുടുംബ ക്ഷേത്രത്തിലെത്തിയശേഷം മടങ്ങുന്പോഴാണ് വിദ്യാർഥിനിക്കും അമ്മയ്ക്കും ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
തുരുത്തിക്കരയിൽ നിന്നുമാണ് പെണ്കുട്ടിയും അമ്മയും വൈറ്റില – സീതത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ആർഎസി-931 നന്പർ ബസിൽ കയറിയത്. പിറവത്ത് പാഴൂർ മുല്ലൂർപ്പടി ജംഗ്ഷനിൽ ബസ് നിർത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ ബെല്ലടിക്കാൻ തയാറായില്ല. രണ്ടു സ്റ്റോപ്പുകൾക്ക് അപ്പുറവും ബസ് നിർത്താത്തതോടെ മറ്റു യാത്രക്കാർ ഇടപെട്ട് പിറവം പാലം കഴിഞ്ഞ് കെഎസ്ഇബി ഓഫീസിനു മുന്നിൽ ബസ് നിർത്തിക്കുകയായിരുന്നു.
ബസ് നിർത്തി ഇരുവരും ബസിൽ നിന്നും ഇറങ്ങുന്നതിനിടെ ക്ഷോഭത്തോടെ സംസാരിച്ചുകൊണ്ട് കണ്ടക്ടർ വിദ്യാർഥിനിയുടെ മുഖത്തേക്ക് കാർപ്പിച്ച് തുപ്പുകയായിരുന്നുവെന്ന് പറയുന്നു. പിറവത്തെ ഒരു ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെണ്കുട്ടി.
കുറ്റക്കാരനായ കണ്ടക്ടറെ ജോലിയിൽനിന്നു പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറവും സ്കൂൾ പിടിഎ പ്രസിഡന്റ് ടൈറ്റസും പിറവത്ത് കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ സത്യഗ്രഹസമരം ആരംഭിച്ചു.