ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിലെയും, പ്രധാന ശസ്ത്രക്രിയ തിയറ്ററിലേക്കുമുള്ള ലിഫ്റ്റുകൾ അടക്കം മുഴുവൻ ലിഫ്റ്റുകളും തകരാറിൽ. ഒന്നാം വാർഡിലെ ഒരു ലിഫ്റ്റിന്റെ ഒരു സ്വിച്ച് മാത്രം മാറ്റിവച്ചാൽ പ്രവർത്തിപ്പിക്കുവാൻ കഴിയുമെങ്കിലും തകരാർ പരിഹരിക്കാനുള്ള നടപടിയില്ല.
കഴിഞ്ഞ ദിവസം എരുമേലി ബസ്്സ്റ്റാൻ ഡിൽ അപകടത്തിൽപ്പെട്ട് മരിച്ച വയോധികയുടേയും, വാർഡിൽ മരിച്ച രോഗിയുടെയും മൃതദേഹം പുതിയ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിൽ എത്തിക്കുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു.
മൃതദേഹം സ്ട്രെച്ചറുകളിൽ കൊണ്ടുവന്നെങ്കിലും ലിഫ്റ്റുകൾ തകരാറിലായതിനാൽ മോർച്ചറിയിലേക്ക് എത്തിക്കാൻ കഴിയാതെ വന്നു. പിന്നീട് ലിഫ്റ്റ് ഓപ്പറേറ്ററുടെ ശ്രമഫലമായി ലിഫ്റ്റ് പ്രവർത്തിപ്പിച്ചാണ് മോർച്ചറിയിൽ എത്തിക്കുവാൻ കഴിഞ്ഞത്. ഇന്നലെ രാവിലെ ന്യൂറോ സർജറി ഉൾപ്പെടെയുള്ള വിവിധ ഒപികളിലേക്ക് വന്ന രോഗികളും ഒപ്പം വന്നവരും ബുദ്ധിമുട്ടി.
ലിഫ്റ്റുകൾ തകരാറായ വിവരം ആശുപത്രി അധികൃതർ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെങ്കിലും തുടർ നടപടി സ്വീകരിക്കുവാൻ വൈകുകയാണ്. ആശുപത്രിയിലെ പ്രധാന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ലിഫ്റ്റുകളും തകരാറിലാണ്. ഇവ ചില സമയങ്ങളിൽ പ്രവർത്തനസജ്ജമാകുന്നത് ഓപ്പറേറ്റർമാരുടെ ശ്രമഫലമാണെന്ന് പറയപ്പെടുന്നു.