പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് ഇറങ്ങിയതോടെ പുതിയ ഉണര്‍വിലായ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നുറപ്പായി. 80 സീറ്റുകളുള്ള യുപിയില്‍ നിന്ന് ഇത്തവണ കോണ്‍ഗ്രസിന് 30-40 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞതവണ 71 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ ഒറ്റയക്കത്തില്‍ ഒതുങ്ങും.
പ്രിയങ്ക ഗാന്ധി വന്നശേഷം യുപിയില്‍ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടുലക്ഷം പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നാണ് കണക്ക്. യഥാര്‍ഥസംഖ്യ ഇതിലും കൂടുതലാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. സഖ്യത്തില്‍ അടുപ്പിക്കില്ലെന്ന് ആദ്യം പറഞ്ഞ ബിഎസ്പി നേതാവ് മായാവതിയെപോലും ഞെട്ടിച്ചാണ് പ്രിയങ്കയുടെ നീക്കങ്ങള്‍. ദളിത് വോട്ടുകളില്‍ വലിയ സ്വാധീനമുള്ള ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കോണ്‍ഗ്രസുമായി കൂട്ടുകെട്ടിലായത് മായാവതിയെ വെട്ടിലാക്കിയിട്ടുണ്ട്. മായാവതിയുടെ ബലം ദളിത് വോട്ടുകളാണ്. ഈ വോട്ടെല്ലാം കോണ്‍ഗ്രസിലേക്ക് പോകുമെന്ന ഭയത്തിലാണ് സമാജ്വാദി പാര്‍ട്ടിയും.
80 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന 30 സീറ്റുകളാണ് കോണ്‍ഗ്രസ് ആദ്യം ലക്ഷ്യം വച്ചിരുന്നത്. മുന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്ത് 30 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പദ്ധതികള്‍ ആവിഷ്കരിച്ച് തുടങ്ങിയത്. എന്നാല്‍ പ്രിയങ്ക വന്നതോടെ കളംമാറിയെന്ന് മനസിലാക്കി 20 മണ്ഡലങ്ങളെക്കൂടി വിജയസാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
രാഹുല്‍ ഉണ്ടെങ്കിലും പ്രിയങ്ക തന്നെയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിറഞ്ഞു നില്‍ക്കുന്നത്. വാരണാസിയില്‍ നിന്ന് ഒഡീഷയിലെ പൂരി മണ്ഡലത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാറി മത്സരിക്കാന്‍ ശ്രമിച്ചേക്കുമെന്ന വാര്‍ത്തകള്‍ തന്നെ പ്രിയങ്കയുടെ ജനപ്രീതിയുടെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്തായാലും കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമാകും യുപിയില്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടാകുക എന്നകാര്യം ഉറപ്പാണ്.