ഇരിട്ടി(കണ്ണൂർ): അത്തറു പൂശി നിരോധിത പുകയില ഉത്പന്നങ്ങൾ ബസുകളിൽ കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നു. പുകയില ഉത്പന്നങ്ങൾ ബാഗിലാക്കി അതിൽ മണം വരാതിരിക്കാൻ അത്തർ പൂശി ബസിനു പിന്നിലെ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നത്.
ഇന്നു പുലർച്ചെ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യാത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാ ണ് ടൂറിസ്റ്റ് ബസിൽ ബാഗുകളിൽ കടത്തുകയായിരുന്ന 4200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പച്ചക്കറി വാഹനങ്ങളിലെ ലഹരിക്കടത്ത് കർശനമായി തടയാൻ തുടങ്ങിയതോടെ സംശയം തോന്നാതിരിക്കാൻ വിവിധ തരത്തിലുള്ള സുഗന്ധ അത്തറുകൾ പൂശി ലോക്ക് ചെയ്ത്,
വ്യാജ മേൽവിലാസം രേഖപ്പെടുത്തിയ ബാഗുകളിൽ ടൂറിസ്റ്റ് ബസുകളിൽ കടത്തുകയെന്ന നൂതന രീതി തെരഞ്ഞെടുക്കുകയായിരുന്നു ലഹരിക്കടത്ത് സംഘം. കൂട്ടുപുഴ,പേരട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ റനീസ്, റസാക്ക് എന്നിവരെ കഴിഞ്ഞ ദിവസം കഞ്ചാവ് സഹിതം പിടികൂടിയിരുന്നു സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ലഹരികടത്തു സംഘങ്ങളുടെ സാന്നിധ്യം തടയുന്നതിന് ഇരിട്ടി എക്സൈസ് മേഖലയിൽ റെയ്ഡുകൾ ശക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വാഹന പരിശോധനയിൽ സ്കൂൾ പരിസരത്തെ കടകളിൽ നേരിട്ട് എത്തിക്കുന്ന സംഘത്തിന്റെ ഉത്പന്നങ്ങൾ പിടികൂടിയിരുന്നു മേഖലയിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യാത്ത് അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ പി.സി.വാസുദേവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ. ദീപക്, ബാബു ഫ്രാൻസിസ്, കെ. കെ. ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിംന ,ഉത്തമൻ മൂലയിൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.