ആലപ്പുഴ: മറ്റൊരു പത്രത്തിൽ വന്ന വാർത്തയുടെ പേരിൽ രാഷ്ട്രദീപിക പ്രാദേശിക ലേഖകനെ ഭീഷണിപ്പെടുത്തിയതായി പരാതി. റോഡു പണിയുമായി ബന്ധപ്പെട്ട വാർത്ത മറ്റൊരു പത്രത്തിൽ വന്നതിന്റെ പേരിൽ തനിക്കെതിരേ വധഭീഷണി മുഴക്കിയെന്നാണ് എടത്വ പ്രാദേശിക ലേഖകൻ അനിൽ ജോർജ് അന്പിയായം എടത്വ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വാർത്ത കൊടുപ്പിച്ചതു താനാണെന്ന തെറ്റിദ്ധാരണയിലാണ് ഭീഷണി. റോഡ് കുത്തിപ്പൊളിച്ചിട്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയില്ലെന്ന വാർത്തയുടെ പേരിലാണ് ഭീഷണിയെന്നും പരാതിയിൽ പറയുന്നു.
പ്രസ് സെന്റർ പ്രതിഷേധിച്ചു
എടത്വ: രാഷ്്ട്രദീപിക ലേഖകൻ അനിൽ ജോർജിനു നേരേയുണ്ടായ വധഭീഷണിയിൽ എടത്വ പ്രസ് സെന്റർ പ്രതിഷേധിച്ചു. ഭീഷണി മുഴക്കിയ ആൾക്കെതിരേ കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ടു മാസം മുന്പ് തായങ്കരി റോഡരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിൽ സ്കൂൾബസ് കയറി നിയന്ത്രണംവിട്ട് ഭിന്നശേഷിക്കാരായ കുട്ടികൾ അപകടത്തിൽ പെട്ടിരുന്നു.
മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി നടപടി വരുന്നതുകൊണ്ടാണ് പല അപകടങ്ങൾ ഒഴിവാകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അജിത്ത് കുമാർ പിഷാരത്ത്, ഹരികുമാർ, സനിൽ നാലുതോട്, മനു എസ്. മേനോൻ എന്നിവർ പ്രസംഗിച്ചു.