തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നരേന്ദ്രമോദിയുടെ ജനപിന്തുണ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയിലാണ് നരേന്ദ്രമോദിയുടെ ജനപിന്തുണ വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ സ്ഥിതി വ്യത്യസ്തമാണ്.
യുപിയിലെ 55 ശതമാനം ജനങ്ങള്‍ മോദിക്കും 28 ശതമാനം ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കുമാണ് പിന്തുണ നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ 46 ശതമാനം രാഹുല്‍ ഗാന്ധിയെയും 35 ശതമാനം മോദിയെയുമാണ് പിന്തുണച്ചിരിക്കുന്നത്.പുല്‍വാമ ഭീകാരാക്രമണത്തിനുശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളാണ് നരേന്ദ്രമോദിക്ക് അനുകൂലമായത്. പുല്‍വാമയ്ക്ക് ശേഷം 63 ശതമാനം ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായാണ് സര്‍വ്വേയോട് പ്രതികരിച്ചിരിക്കുന്നത്.
തൊഴിലില്ലാഴ്മ തന്നെയാണ് യുപിയിലെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ കാവേരി തര്‍ക്കമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന പ്രധാന വിഷയം. ഇവിടെയും തൊഴിലില്ലാഴ്മ രണ്ടാം സ്ഥാനത്തുണ്ട്. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് സര്‍വ്വേ നടത്തിയത്.
അതേസമയം ഡെല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയും സര്‍വേ നടത്തി. ബിജെപി പരാജയം നേരിടുമെന്നാണ് സര്‍വേ പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും ബിജെപി പരാജയം നേരിടുമെന്നാണ് പ്രവചിച്ചത്. പുല്‍വാമ ഭീകരാക്രമണത്തെ സമീപിച്ച രീതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി തന്നെ സമ്മാനിക്കുമെന്നാണ് സര്‍വേയിലൂടെ വ്യക്തമാകുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.