വാഴക്കുളം: നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി തൊഴിലാളികൾ വോട്ട് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ആറുമാസമായി ശമ്പളവും ഇതര ആനുകൂല്യങ്ങളും ലഭിക്കാത്തതിൽ കടുത്ത അമർഷമാണ് തൊഴിലാളികൾക്ക്. മന്ത്രി സുനിൽ കുമാർ കമ്പനി സന്ദർശിച്ച് പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തൊഴിലാളികൾക്ക് ഉറപ്പു നൽകിയിരുന്നു.എന്നാൽ അതിനുശേഷവും ശമ്പളം മുടങ്ങിയതായാണ് തൊഴിലാളികൾ പറയുന്നത്.
തെരഞ്ഞെടുപ്പു കാലമായിട്ടും ശമ്പള കുടിശിക നൽകാൻ അധികൃതർ തയാറാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.ഇക്കാരണത്താൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ അറിയിപ്പോടെ കമ്പനിയുടെ മുന്നിൽ ബാനർ സ്ഥാപിച്ച് നോട്ടീസുകളും വിതരണം ചെയ്യുകയാണ് തൊഴിലാളികൾ.
കമ്പനി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയെങ്കിലും അധികൃതർ കുടിശികയായ ശമ്പളം നൽകാൻ തയാറാകുമെന്നാണ് തൊഴിലാളികൾ കരുതുന്നത്.
അതേസമയം കമ്പനിയിൽ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പാകത്തിൽ വിറ്റുവരവ് കാര്യക്ഷമമല്ലെന്നാണ് അറിയാൻ കഴിയുന്നത്. നിയമവിധേയമായി സർക്കാരിന് നൽകാനുള്ള വിവിധയിനം നികുതിയും ഇതര ഫണ്ടുകളും കുടിശികയായിട്ടുള്ളത് അടയ്ക്കാൻപോലും വിറ്റുവരവു തുക തികയാത്ത സാഹചര്യത്തിലാണ് കമ്പനി ഇപ്പോൾ.
കമ്പനിയിലെ നൂറ്റിപ്പത്തോളം തൊഴിലാളികളുടെ ശമ്പള കുടിശിക തീർക്കണമെങ്കിൽ ഏകദേശം മുക്കാൽ കോടി രൂപയോളം ആവശ്യമുണ്ട്. സാമ്പത്തിക വർഷാവസാന മാസമായതിനാൽ ബില്ലുകൾ മാറുന്നതിനുമൊക്കെ പണം ആവശ്യമായിരിക്കുന്നതിനാൽ കടുത്ത സാമ്പത്തിക നിയന്ത്രണമാണുള്ളത്. സർക്കാർ സഹായം ലഭിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കമ്പനി അധികൃതർ എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഇതിനിടയിൽ കമ്പനി ചെയർമാൻ ബാബു പോൾ തത്സ്ഥാനം രാജിവച്ചതായും അഭ്യൂഹമുയർന്നിട്ടുണ്ട്. എന്നാൽ ആറു മാസങ്ങൾക്കു മുമ്പുതന്നെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിന് കത്തു നൽകിയിരുന്നതായി മുൻ എംഎൽഎ കൂടിയായ ബാബു പോൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.