പെട്രോള്‍ പമ്പില്‍ ശുചിമുറി സൗകര്യം ചോദിച്ചെത്തിയ വിദേശികളുള്‍പ്പെട്ട യാത്രക്കാരെ സൗകര്യം ലഭ്യമാക്കാതെ അപമാനിച്ച് ഇറക്കിവിട്ടത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പെട്രോള്‍ അടിക്കാന്‍ എത്തുന്നവര്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞാണ് ആ സംഭവത്തില്‍ പമ്പുടമ യാത്രക്കാരെ അപമാനിച്ചത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഈ വിഷയത്തില്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഈ സംഭവത്തിനും ഈ പെട്രോള്‍ പമ്പിനും നേര്‍ വിപരീതമായുള്ള ഒരു അനുഭവമാണ് തിരുവനന്തപുരം മുട്ടത്തറയിലുള്ള ഒരു പെട്രോള്‍ പമ്പ് പൊതുജനത്തിന് നല്‍കുന്നത്. ചൂടു കൂടിയതോടെ പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് സ്വന്തം ചിലവില്‍ സംഭാരം നല്‍കുകയാണ് ഇവര്‍. ഇവിടെ ഇന്ധനം നിറയ്ക്കാനെത്തിയ ആളുകളിലൊരാള്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയാണ് ഈ പമ്പും ഇവിടുത്തെ സംഭാരവും. കേരളത്തിലെ എല്ലാ പെട്രോള്‍ പമ്പുകളും ഇത് മാതൃകയാക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ അഭിപ്രായപ്പെടുന്നത്.