കൊച്ചി: കാക്കനാട് കൊലപാതകത്തിൽ പ്രതികൾ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ. പിടിയിലായ 13 പ്രതികളിൽ ഏഴ് പേരെയാണ് കോടതി 19 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. ഇവരെ ഇന്നലെ ഉച്ചയോടെയാണു കോടതി കസ്റ്റഡിയിൽ നൽകിയത്.
വാഴക്കാല ഓലിക്കുഴി സ്വദേശി അസീസ് (47), മരുമകൻ ആലുവ ശ്രീമൂലനഗരം അനീസ് (34), അസീസിന്റെ ഇളയ മകൻ മനാഫ് (28), കാക്കനാട് ഓലിമുകൾ ഷിഹാബ് (33), വാഴക്കാല ഓലിക്കുഴി സലാം (42), വാഴക്കാല കുഴിപ്പറന്പിൽ ഫൈസൽ (23), വാഴക്കാല സ്വദേശി അലി (40) എന്നിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം തിരികെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ പറഞ്ഞു.
അതിനിടെ, ഇവരെ ഇന്നലെ കാക്കനാട്ടെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തി. വെണ്ണല ചക്കരപ്പറന്പ് സ്വദേശി ജിബിന്റെ കൊലപാതകം നടന്ന വാഴക്കാലയിലെ വീട്ടിലും മൃതദേഹം തള്ളിയ പാലച്ചുവട് റോഡിലുമാണ് തെളിവെടുപ്പ് നടത്തിയത്.കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. പിന്നീടായിരുന്നു തെളിവെടുപ്പ്.
വൈകിട്ട് 4.30 ഓടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ കെ. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലച്ചുവട് പാലത്തിനു സമീപം മൃതദേഹം കിടന്ന സ്ഥലത്തു പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇവിടെ തങ്ങിക്കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പെടാപ്പാടുപെട്ടു.മനാഫ്, സലാം, ഫൈസൽ, ഷിഹാബ്, അലി എന്നീ പ്രതികളെ മാത്രമാണു പോലീസ് വാനിൽനിന്ന് പുറത്തിറക്കിയത്. മറ്റു പ്രതികളെ വാനിൽതന്നെ ഇരുത്തിയിരിക്കുകയായിരുന്നു.
റോഡരികിൽ മൃതദേഹം എങ്ങനെയാണ് തള്ളിയതെന്നു വ്യക്തമാകാനായിരുന്നു തെളിവെടുപ്പ്. ഫൈസലും സലാമും ചേർന്നു ജിബിന്റെ മൃതദേഹം ഓട്ടോയുടെ പിൻസീറ്റിൽ കിടത്തി റോഡിൽ കൊണ്ടുവന്നു തള്ളുകയായിരുന്നു. മറ്റു പ്രതികൾ ഈ വാഹനത്തിനെ പിന്തുടർന്നു. വഴിവക്കിൽ മൃതദേഹം തള്ളിയ ഭാഗത്തു മറ്റു പ്രതികളാണ് സ്കൂട്ടർ മറിച്ചിട്ടത്.
വൈകിട്ട് അഞ്ചോടെ പ്രതികളുമായി വാഴക്കാല കുണ്ടുവേലിയിലെ സംഭവം നടന്ന ഇരുനില വീട്ടിലെത്തി. കുടുംബം താമസിക്കുന്ന മുകൾ നിലയിലെ വീടിന്റെ അകത്തു കയറ്റിയും തെളിവെടുപ്പ് നടത്തി.