ചാലക്കുടി: നിരോധിത പുകയില ഉപയോഗം വർധിക്കുന്നു. വായിൽ കാൻസർ രോഗം പടരുന്നു. മാർക്കറ്റിലും പരിസരങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങൾ സുലഭമാണ്. തമിഴ്നാട്ടിൽ നിന്നും കൊണ്ടു വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മാർക്കറ്റിലും പരിസരങ്ങളിലും വില്പന നടത്തി കൊണ്ടിരിക്കുകയാണ്.
മൊത്തമായി തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങൾക്ക് ചില്ലറയായി വില്പന നടത്തുന്നവർ നിരവധിയാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. നാട്ടുകാരും നിരവധി പേർ ഇത് ഉപയോഗിക്കുന്നുണ്ട്.
വായിൽ ഇത് വച്ചുകൊണ്ടാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ അമിത ഉപയോഗം മൂലം വായിൽ കാൻസർ ബാധിച്ചവർ നിരവധിയാണ്. കാൻസർ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചാലും ഇത് വകവെക്കാതെയാണ് പലരും പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഹാൻസ് ഇവിടെ വില്പന നടത്തി വൻ ലാഭം കൊയ്യുകയാണ്.