പ്രത്യേക ലേഖകൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ കോണ്‍ഗ്രസ്, ബിജെപി സ്ഥാനാർഥികളുടെ പട്ടിക ഇന്നു വൈകുന്നേരത്തോടെ ഡൽഹിയിൽ പ്രഖ്യാപിക്കും. ഇരു പാർട്ടികളുടേയും കേരള നേതാക്കൾ ഡൽഹിയിലുണ്ട്. നേതാക്കൾ മാത്രമല്ല, സ്ഥാനാർഥിത്വത്തിനായി മുന്നോട്ടുവന്ന മധ്യനിര നേതാക്കളും പാർട്ടി ആസ്ഥാനത്തു തന്പടിച്ചിരിക്കുകയാണ്.
ഇന്നു വൈകുന്നേരം നാലിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരമാകുക.തൃശൂരിൽ തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപനും ചാലക്കുടിയിൽ യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാനും സ്ഥനാർഥികളാകുമെന്നാണു സൂചന.
പ്രതാപന് വോട്ടഭ്യർഥിച്ചുകൊണ്ട് നടത്തറയിൽ ഇന്നലെ വൈകുന്നേരം പ്രത്യക്ഷപ്പെട്ട ചുമരെഴുത്ത് ഇന്നു രാവിലെ പ്രതാപൻതന്നെ ഇടപെട്ട് മായ്പിച്ചു. സ്ഥാനാർഥി പ്രഖ്യാപനം വരാതെ അത്തരം പ്രചാരണം അരുതെന്നു പ്രതാപൻ നിർദേശം നൽകി.
തൃശൂരിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ മൽസരിപ്പിക്കും. കോണ്‍ഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ എത്തിയ ടോം വടക്കനെ ചാലക്കുടിയിൽ സ്ഥാനാർഥിയാക്കിയേക്കും. സ്ഥാനാർഥിയാകുന്നതോടെ ടി.എൻ. പ്രതാപൻ തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവരും. തിങ്കളാഴ്ചയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും.