ഒന്നുമല്ലാതിരുന്ന സമയത്ത് ഇത്ര ആത്മവിശ്വാസത്തോടെ എങ്ങനെ ഒരാള്‍ക്ക് സംസാരിക്കാന്‍ കഴിയും! എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൊവിനോ തോമസ് പറഞ്ഞ വാക്കുകള്‍ വൈറലാവുന്നു

സിനിമയില്‍ അരങ്ങേറ്റം കുറിച്ച സമയത്ത് അഹങ്കാരി, തൊട്ടാവാടി എന്നൊക്കെയായിരുന്നു ടൊവിനോ തോമസിന് വിശേഷണങ്ങള്‍. എന്നാല്‍ പ്രളയ സമയത്ത് ടൊവിനോ നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വരച്ചു കാട്ടുന്നതായിരുന്നു.

അതിനും മുന്നേ താരമാവുന്നതിനൊക്കെ മുമ്പ് സിനിമാമോഹിയായ ഏതൊരു ചെറുപ്പക്കാരനെപ്പോലെയും ആയിരുന്നു ടോവിനോയെന്നതാണ് അദ്ദേഹത്തിന്റെ പഴയൊരു ഫേസ്ബുക്ക് പോസ്‌ററിലൂടെ വ്യക്തമാവുന്നത്. സിനിമയിലെത്തിയതിന് ശേഷമല്ല ടൊവിനോ പഞ്ച് ഡയലോഗുകള്‍ പറഞ്ഞ് തുടങ്ങിയത്, മറിച്ച് യഥാര്‍ത്ഥ ജീവിതത്തിലും പഞ്ച് ഡയലോഗുകള്‍ പറഞ്ഞിരുന്ന വ്യക്തിയാണ് ടൊവിനോ എന്നതാണ് ഇപ്പോള്‍ ആരോ കുത്തിപ്പൊക്കിയ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാവുന്നത്.

ടൊവീനോ എട്ടു വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അതില്‍ പറയുന്നതിങ്ങനെ… ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്’. 2011 ജൂണ്‍ 28ന് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചതാണിത്.

ഈ കുറിപ്പ് ആരാധകരിലാരോ ആണ് വീണ്ടും ഷെയര്‍ ചെയ്ത് വൈറലാക്കി മാറ്റിയത്. അന്ന് ടൊവിനോയുടെ കുറിപ്പിനു താഴെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്കു നേരെയും രോഷമിരമ്പുന്നുണ്ട്.

Related posts