കൊല്ലം: സ്ലാബുകൾ ഇളകിയതിനെതുടർന്ന് ചിന്നക്കട റെയിൽവേ ലെവൽക്രോസിൽ യാത്ര ദുഷ്കരമായി. കോൺക്രീറ്റ് സ്ലാബുകൾ ഇളകിയതിനാൽ ബൈക്ക് യാത്രികരാണ് ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത്. മാസങ്ങളായി കോൺക്രീറ്റ് സ്ലാബുകൾ മിക്കതും ഇളകി മാറിയ നിലയിൽ കിടക്കുകയാണ്. ഗേറ്റ് അടച്ചിട്ടതിന് ശേഷം തുറക്കുന്ന സമയത്തെ വാഹനങ്ങളുടെ തിക്കിലും തിരക്കിലുമാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.
രാത്രിയിലാണ് ഈ ഭാഗത്ത് അപകടം വർധിക്കുന്നത്. അപകടം വർധിച്ചിട്ടും യാതൊരു നടപടിയും റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അപകട വിവരം അറിയിച്ചാൽ പോലും അധികൃതർ പ്രതികരിക്കാറില്ലെന്നാണ് ആരോപണം. ലെവൽക്രോസ് സഞ്ചാരയോഗ്യമാക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.