പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇൻഫർമഷൻ ഓഫീസിൽ സഹായകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡി.ബാലമുരളി നിർവഹിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായാണ് സഹായകേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ സഹായ കേന്ദ്രത്തിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ച് വരെ നേരിട്ടെത്തി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ് എന്നിവയുടെ പ്രവർത്തന രീതിയും വോട്ട് ചെയ്യേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാം.
സ്വീപിന്റെ ജില്ലാ യൂത്ത് ഐക്കണും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ് എം.ബി. പ്രണവ് എന്നിവർ മുഖ്യാതിഥികളായി. എ.ഡി.എം എൻ.എം മെഹറലി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, ആർ.ഡി.ഒ ആർ. രേണു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് ലളിത് ബാബു, സെക്ഷൻ ക്ലാർക്ക് ടോം, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രണവിന് ഇത് കന്നിവോട്ട്
ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ് എം.ബി. പ്രണവ് ഇത്തവണത്തെ പൊതു തെരഞ്ഞടുപ്പിൽ കന്നിവോട്ട് രേഖപ്പെടുത്തും. പ്രളയസമയത്ത് കാലുകൾകൊണ്ട് ചിത്രം വരച്ച് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശ്രദ്ധേയനായ ആലത്തൂർ സ്വദേശിയും ചിറ്റൂർ കോളജിലെ ബിരുദ വിദ്യാർഥിയുമായ പ്രണവ് കന്നിവോട്ട് ചെയ്യാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ഇൻഫർമഷൻ ഓഫീസിൽ തുറന്ന സഹായകേന്ദ്രത്തിൽ പ്രണവ് വോട്ടിംഗ് പരിശീലനവും നേടി.
ജില്ലാതല മാധ്യമ നിരീക്ഷക സമിതി
പാലക്കാട്: പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പത്ര- ദ്യശ്യ-ശ്രവ്യ- സാമൂഹിക മാധ്യമങ്ങളിലെ വാർത്തകൾ, പരസ്യ ചെലവുകൾ എന്നിവ നിരീക്ഷിക്കുന്നതിനായി ജില്ലാതല മാധ്യമ നിരീക്ഷക സമിതി രൂപീകരിച്ചു.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡി. ബാലമുരളി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ നരേന്ദ്രനാദ് വേളൂരി, സാമൂഹ്യ മാധ്യമ വിദഗ്ധനായ കേന്ദ്രവാർത്താവിതരണ മന്ത്രാലയത്തിന്റെ ഫീൽഡ് പബ്ലിസിറ്റി ഓഫിസർ സ്മിതി, പാലക്കാട് ദൂരദർശൻ അസിസ്റ്റന്റ് എൻജിനീയർ പി.അച്യുതൻ കുട്ടി നായർ, മുതിർന്ന പത്രപ്രവർത്തകനെന്ന നിലയിൽ പ്രസ് ക്ലബ് പ്രസിഡന്റും മലയാള മനോരമ ചീഫ് സബ് എഡിറ്ററുമായ സി.കെ.ശിവാനന്ദൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ.കെ.ഉണ്ണികൃഷ്ണൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
പണം നൽകി വാർത്ത കൊടുക്കുന്നത് തടയുക, ദൃശ്യ- ശ്രവ്യ- പത്ര- മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വരുന്ന തെരഞ്ഞെടുപ്പു വാർത്തകൾ നിരീക്ഷിക്കുക, സ്ഥാനാർത്ഥികളുടേയും രാഷ്ട്രീപാർട്ടികളുടേയും പേരിൽ വരുന്ന പരസ്യങ്ങൾ, അവയുടെ ചെലവുകൾ തുടങ്ങിയവയാണ് പ്രധാനമായും സമിതി നിരീക്ഷിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം റിട്ടേണിങ്ങ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറും സാമൂഹിക മാധ്യമ വിദഗ്ധനും ഉൾപ്പെടുന്ന സമിതി അംഗീകരിച്ച പരസ്യങ്ങൾ മാത്രമെ പ്രചരിപ്പിക്കാനാകു.
മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ ഉൾപ്പെടെ സ്ഥാനാർത്ഥിയുടെ പ്രചരണ ചെലവുകൾ കണക്കാക്കും. സ്ഥാനാർത്ഥിയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്രങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടാൽ ഐ.പി.സി സെക്ഷൻ 171 എച്ച് പ്രകാരം പബ്ലിഷർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.
പീപ്പിൾസ് ആക്ട് 1951 സെക്ഷൻ 127 എ പ്രകാരം പ്രചാരണത്തിനായി വിതരണം ചെയ്യുന്ന ലഘുലേഖ, പോസ്റ്റർ എന്നിവയിൽ പബ്ലിഷറിന്റെയും പ്രിന്ററുടെയും പേര് അച്ചടിച്ചിട്ടുണ്ടോ എന്നതും സമിതി നിരീക്ഷിക്കും.