മുക്കം: അടുത്ത കാലത്ത് വരെ ടൗണുകൾ കേന്ദ്രീകരീകരിച്ച് പ്രവർത്തനം ശക്തതമായിരുന്ന ലഹരി മാഫിയ ഗ്രാമ പ്രദേശങ്ങളിലേക്കുംലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ഇന്നലെ രാത്രി മരിച്ച കൊടിയത്തൂർ സ്വദേശി ദാനിഷ് .വീട്ടിൽ നിന്ന് തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങി പോയ യുവാവിന്റെ മരണവാർത്തയാണ് രാത്രി വീട്ടുകാർ അറിയുന്നത്.
അമിതമായി ലഹരി ഉപയോഗിച്ച് അവശനിലയിലായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തള്ളിയ ശേഷം മറ്റൊരാളുടെ നമ്പറും നൽകി കൂടയുണ്ടായിരുന്നവർ മുങ്ങുകയായിരുന്നു. രാത്രി ഏഴിന്യുവാവ് മരണപ്പെടുകയും ചെയ്തു. സംഭവത്തിൽ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയവരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിവ്.
ഇവരെ പിടികൂടിയാലെ കൂടുതൽ വിവരം അറിയാൻ സാധിക്കൂ. പോസ്റ്റ്മോർട്ടം റിപ്പാർട്ട് ലഭിച്ചാൽ ഏത് തരം ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നും എത്ര അളവ് ഉപയോഗിച്ചെന്നും അറിയാനാവും. ലഹരി മാഫിയക്കെതിരെ എക്സൈസ് വകുപ്പും പോലീസും നടപടികൾ ശക്തമാക്കുമ്പോഴും ഗ്രാമ നഗരപ്രദേശങ്ങളിൽ വലിയ തോതിൽ ലഹരി വിൽപ്പന നടക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വൻ മാഫിയ തന്നെയാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ മാസം കൊടിയത്തൂരിലെ പ്രശസ്തമായ ഒരു ഹൈസ്കൂളിൽ കഞ്ചാവുമായി വിദ്യാർത്ഥിയെ പിടികൂടിയെങ്കിലും പരാതി പോലും നൽകാൻ തയ്യാറാവാതെ സംഭവം മൂടി വെച്ചത് വിവാദമായിരുന്നു. സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.