ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കും ആകാംഷകൾക്കൾക്കും ഒടുവിൽ വിരമാമായി. ഉമ്മൻ ചാണ്ടിയും ആലപ്പുഴയിലെ സിറ്റിംഗ് എംപിയും പ്രവർത്തക സമിതി അംഗവുമായ കെ.സി.വേണുഗോപാലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
ഉമ്മൻ ചാണ്ടിക്ക് ഉത്തരവാദിത്തങ്ങൾ ഏറെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പൂർണമായും നേതൃത്വം ഉൾക്കൊണ്ടിട്ടുണ്ട്. സ്ഥാനാർഥി പട്ടികയിൽ സിറ്റിംഗ് എംപിമാരുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്തിമ സ്ഥാനാർഥി പട്ടിക വൈകിട്ട് 6.30ന് പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന മേഖല കേരളമാണെന്ന് മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെ.സി.വേണുഗോപാലിന് നിരവധി സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയ ചുമതലകൾ ഉണ്ട്. അതിനാലാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ താത്പര്യം നേതൃത്വം പരിഗണിക്കുകയായിരുന്നു- ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ മിടുക്കരും ചുണക്കുട്ടികളുമായവരാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും 20 മണ്ഡലങ്ങളിലും യുഡിഎഫിന് ഉറച്ച വിജയപ്രതീക്ഷയാണ് ഉള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.