ചെറായി: മുനന്പം ഹാർബറിൽ വില്പനക്കെത്തിയ റോക്ക് ലോബ്സ്റ്റർ ഇനത്തിൽപെട്ട കൊഞ്ചുകൾ കച്ചവടക്കാർക്കും തൊഴിലാളികൾക്കും അതിശയക്കാഴ്ചയായി. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലെത്തിയ ബോട്ടുകൾക്കാണ് ഈ മത്സ്യങ്ങൾ ലഭിച്ചത്.
തമിഴ്നാട് തീരത്ത് ഇതിന്റെ സാന്നിധ്യമുണ്ടെങ്കിലും കേരളത്തിന്റെ തീരക്കടലിൽ വളരെ അപൂർവമായി ഇവ കാണാറുള്ളത്. സാധാരണ കൊഞ്ചുകളിൽനിന്നു വളരെ വ്യത്യസ്ഥമായ രൂപമാണ് റോക്ക് ലോബ്സ്റ്റർ കൊഞ്ചുകൾക്കുള്ളത്. ഇന്നലെ 16റോക് ലോബ്സ്റ്റർ കൊഞ്ചുകളാണ് വില്പനയ്ക്ക് ഉണ്ടായിരുന്നത്.
350 ഗ്രാം മുതൽ ഒന്നര കിലോഗ്രാംവരെ തൂക്കം വരുന്നവ കൊഞ്ചുകൾ കൂട്ടത്തിലുണ്ടായിരുന്നു. വലുതിന് ഒന്നേകാൽ അടിയോളമാണ് വാൽമുതൽ തലവരെയുള്ള നീളം. ഇതിന്റെ ഇരട്ടി നീളം വരും കൊന്പുകൾക്ക്.
കറുത്ത കാലുകളും തലഭാഗത്തെ കറുത്ത പുള്ളികളും സ്വർണ നിറത്തിലുള്ള വരകളുമാണ് ഇവയുടെ പ്രത്യേകത. കിലോഗ്രാമിനു 1500 രൂപയ്ക്കാണ് ഇവ ഇന്നലെ വിറ്റത്. അതേസമയം ജീവനുള്ളവക്ക് കിലോഗ്രാമിനു 3,000 രൂപവരെ വില ലഭിക്കുമെന്ന് ഹാർബറിലെ കച്ചവടക്കാരനായ സജീവ് പറയുന്നു. കടലിലെ പറക്കൂട്ടങ്ങൾക്കടുത്താണ് ഇത്തരം കൊഞ്ചുകൾ കാണാറുള്ളത്. കയറ്റുമതി ഉത്പന്നമായ റോക്ക് ലോബ്സ്റ്ററുകൾ ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ പേരുകേട്ട വിഭവമാണ്.