ബംഗളൂരു: മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങുന്ന നടി സുമലതയെ ബിജെപിയിലെത്തിക്കാൻ ചരടുവലികൾ സജീവമാകുന്നു. മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണ സുമലതയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിച്ചാൽ ബിജെപി പിന്തുണയ്ക്കാമെന്ന് അദ്ദേഹം ഉറപ്പുനല്കി. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് നേരത്തെ അറിയിച്ച സുമലത ഇപ്പോൾ നിലപാട് മയപ്പെടുത്തിയതായാണ് വിവരം.
മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ മത്സരിപ്പിക്കാനാണ് ജെഡി-എസ് തീരുമാനിച്ചത്. എന്നാൽ, അന്തരിച്ച കോൺഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യ കൂടിയായ സുമലത മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് സുമലത കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന സൂചനയും സുമലത നല്കിയിരുന്നു. എന്നാൽ സുമലത സ്വതന്ത്രയായി നിന്നാൽ അത് ജെഡി-എസിന്റെ വിജയമോഹത്തിന് തിരിച്ചടിയാകുമെന്നതിനാൽ പകരം സീറ്റ് വാഗ്ദാനം ചെയ്ത് അവരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മത്സരിക്കുമെങ്കിൽ അത് മാണ്ഡ്യയിൽ തന്നെയെന്ന നിലപാടാണ് സുമലത സ്വീകരിച്ചത്. നേരത്തെ തന്നെ അവർ മാണ്ഡ്യയിൽ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു.
സുമലത മത്സരിച്ചാൽ അംബരീഷിന്റെ ആരാധകർക്കൊപ്പം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയും ലഭിക്കും. ഇതോടൊപ്പം കന്നഡ സിനിമാപ്രവർത്തകരുടെ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തിൽ സുമലതയെ ഒപ്പം നിർത്താനായാൽ മാണ്ഡ്യയിൽ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സുമലതയ്ക്കെതിരേ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നു.