വ്യാജവാർത്തകളും പ്രചാരണങ്ങളും തടയാൻ കാര്യമായ സംവിധാനങ്ങളൊന്നുമില്ലെന്നുള്ള പരാതികൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കുറെനാളായി ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ് ആപ്്. വാർത്തകൾ ഫോർവേർഡഡ് ആണെന്നുള്ള മുന്നറിയിപ്പു നൽകുന്ന സംവിധാനം ഇതിന്റെ ഭാഗമായാണ് കന്പനി അടുത്തിടെ അവതരിപ്പിച്ചത്.
അടുത്തതായി വ്യാജചിത്രങ്ങൾ തിരിച്ചറിയാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ് ആപ്. സേർച്ച് ബൈ ഇമേജ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. തെരഞ്ഞടുക്കപ്പെട്ട യൂസർമാരിൽ ഈ ഫീച്ചർ പരീക്ഷിക്കുന്നതിനായി ഇതിന്റെ ബീറ്റാ വേർഷൻ വാട്സ് ആപ് പുറത്തിറക്കിയതായി വാ ബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
വാട്സ് ആപ്പിൽ സന്ദേശമായി ലഭിക്കുന്ന ചിത്രം, ഗൂഗിൾ ബ്രൗസറിൽ അപ്ലോഡ് ചെയ്ത് ആ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകളും ആ ചിത്രം അപ്ലോഡ് ചെയ്തിട്ടുള്ള വെബ്പേജുകളും സൈറ്റുകളും ലഭ്യമാക്കുകയാണ് സേർച്ച് ബൈ ഇമേജ് ഫീച്ചർ ചെയ്യുന്നത്. ഇതിലൂടെ ചിത്രത്തിന്റെ ആധികാരികതയും ഉറവിടവും മനസിലാക്കാൻ ഉപയോക്താക്കൾക്കു സാധിക്കും. പരീക്ഷണം വിജയമായാൽ അധികം വൈകാതതന്നെ പുതിയ ഫീച്ചർ എല്ലാവരിലുമെത്തുമെന്നാണ് റിപ്പോർട്ട്.