മാലിന്യങ്ങള്‍ നിറഞ്ഞ് വികൃതമായ അഷ്ടമുടിക്കായലിനെ ഇഷ്ടമുടിയാക്കാം…പക്ഷെ നിങ്ങള്‍ കൂടെ നില്ക്കുമെങ്കില് മാത്രം…അപര്‍ണ എന്ന 23കാരിയാണ് ഇതു പറയുന്നത്. നിന്റെ തലയ്ക്കെന്താ ഓളമാണോ കൊച്ചേ… എന്നു ചോദിക്കുന്നവരെ കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിനി എസ്. അപര്‍ണ ക്ഷണിക്കുകയാണ്, ഈ വരുന്ന ജലദിനത്തില്‍ 22ന് അഷ്ടമുടിക്കായലിലേക്ക്. കായലിലെ മാലിന്യങ്ങളെ ഭംഗിയോടെ നിങ്ങളുടെ വീട്ടിലെത്തിക്കാമെന്നാണു വാഗ്ദാനം. ദൗത്യത്തില്‍ ഈ ബിഎഡ് വിദ്യാര്‍ഥിനിക്കൊപ്പം കുറച്ചു കൂട്ടുകാരുമുണ്ട്.
വഴിയോരങ്ങളില്‍ ആളുകള്‍ ഉപേക്ഷിക്കുന്ന മദ്യക്കുപ്പികളില്‍ കല നിറച്ച (ഡേക്കപാഷ്) അപര്‍ണ ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളിലെ താരമാണ്. കോളജില്‍ പോകുന്ന സമയത്തു റോഡില്‍ നിന്നു കുപ്പികള്‍ പെറുക്കിയെടുത്ത് അതില്‍ ചിത്രപ്പണികള്‍ നടത്തി നല്ലൊന്നാന്തരം കരകൗശല വസ്തുവാക്കി ഫെയ്സ്ബുക് വഴി വില്‍ക്കുന്നു. ‘എനിക്ക് ഏറ്റവുമധികം കുപ്പികള്‍ ലഭിക്കുന്നത് അഷ്ടമുടിക്കായലിന്റെ തീരത്തു നിന്നാണ്. കൂടുതല്‍പ്പേരും മാലിന്യം തള്ളുന്നതും ഇവിടെയാണ്.
മാലിന്യക്കൂമ്പാരമായി മാറിയ അഷ്ടമുടിക്കായലില്‍ നിന്നു റീസൈക്കിള്‍ ചെയ്യാനാകുന്നവ ശേഖരിച്ച് അവയെ പുതിയ വസ്തുവാക്കി മാറ്റുന്ന പരിപാടിയാണ് 22നു നടത്തുന്നത്. കുപ്പികളും റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന മറ്റു വസ്തുക്കളുമെടുത്ത് അന്നു തന്നെ അവയെ ഭംഗിയാക്കും,’ അപര്‍ണ പറയുന്നു. കായലിലേക്കു വലിച്ചെറിയുന്ന എല്ലാ മാലിന്യങ്ങളെയും ഇങ്ങനെ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും നല്ല നിശ്ചയമുണ്ട്. എങ്കിലും തന്നാലാവുന്നത് ചെയ്യുക. എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട്, ‘ഇത്ര കുപ്പികള്‍ എവിടുന്നു കിട്ടുന്നു?’, ‘എങ്ങനെയാ ഇതു ചെയ്യുന്നത്?’ ഇതിനൊക്കെയുള്ള മറുപടി ആ ദിവസം നിങ്ങള്‍ക്കു ലഭിക്കുമെന്നും അപര്‍ണ.
പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാം. എങ്ങനെയാണു മാലിന്യത്തെ പുതുരൂപത്തിലാക്കുകയെന്ന് അവള് പറഞ്ഞു തരും. ഒപ്പം മാലിന്യങ്ങള്‍ കുറയ്ക്കാനുള്ള ചര്‍ച്ചകളും മറ്റു പ്രവര്‍ത്തനങ്ങളുമൊക്കെ നടത്താനും ശ്രമിക്കുന്നു.എല്ലാവരും ചേര്‍ന്നു രൂപമാറ്റം വരുത്തിയ പുതിയ കരകൗശല വസ്തുക്കള്‍ അന്ന് അഷ്ടമുടിക്കായലിനു തീരത്തു തന്നെ വില്പന നടത്തും. അപര്‍ണയുടെ ഈ ചലഞ്ചിനോട് ആളുകള്‍ പോസിറ്റീവായാണ് പ്രതികരിക്കുന്നത്.