നോമി (ജപ്പാൻ): അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന 2020 ഒളിന്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന നേട്ടം മലയാളി താരം കെ.ടി. ഇർഫാൻ സ്വന്തമാക്കി. നോമിയിൽ നടന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാന്പ്യൻഷിപ്പിൽ 20 കിലോമീറ്റർ നടത്തത്തിൽ 1:20.57 സെക്കൻഡിൽ നാലാമത് ഫിനിഷ് ചെയ്താണ് ഇർഫാൻ യോഗ്യത കരസ്ഥമാക്കിയത്. 1:20.00 സെക്കൻഡ് ആണ് ടോക്കിയോ ഒളിന്പിക്സിനുള്ള യോഗ്യതാ മാർക്ക്.
ഏഷ്യൻ റേസ് വാക്കിംഗ് ചാന്പ്യൻഷിപ്പിലെ പ്രകടനത്തോടെ ഈ വർഷം ദോഹയിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിലേക്കും ഇർഫാൻ യോഗ്യത നേടി. ലോകചാന്പ്യൻഷിപ്പിൽ 1:22.30 സെക്കൻഡ് ആയിരുന്നു യോഗ്യതാ സമയം. ദേവീന്ദർ (1:21.22 സെക്കൻഡ്) ഗണപതി എന്നീ (1:22.12 സെക്കൻഡ്) ഇന്ത്യൻ താരങ്ങളും ലോകചാന്പ്യൻഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
20 കിലോമീറ്റർ നടത്തത്തിൽ ജപ്പാന്റെ ടൊഷികാസു യമനിഷിയാണ് സ്വർണം നേടിയത്. 1:17.15 സെക്കൻഡിൽ ജാപ്പനീസ് താരം ഫിനിഷിംഗ് ലൈൻ കടന്നു. കസാഖിസ്ഥാന്റെ ജോർജി ഷെയ്കോ (1:20.21 സെക്കൻഡ്) കൊറിയയുടെ ബെയോങ്ക്വാങ് ചോ (1:20.40 സെക്കൻഡ്) എന്നിവർക്കാണ് വെള്ളിയും വെങ്കലവും. ഇർഫാന്റെ പേരിലാണ് (1:20:21 സെക്കൻഡ്) ദേശീയ റിക്കാർഡ്.
ദീർഘദൂര നടത്ത ഇനങ്ങൾക്കും മാരത്തണിനും 2020 ഒളിംപിക്സിൽ യോഗ്യത നേടുന്നതിനുള്ള മത്സരങ്ങൾ ഈവർഷം ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു. 2020 മെയ് 31 വരെയാണ് യോഗ്യതാ മാർക്ക് കടക്കാനുള്ള സമയം. മറ്റ് അത്ലറ്റിക് ഇനങ്ങളിൽ ഒളിന്പിക് യോഗ്യത നേടാനുള്ള സമയം വരുന്ന മെയ് ഒന്ന് മുതൽ 2020 ജൂണ്‍ 29 വരെയാണ്.