പത്തനംതിട്ട: തങ്ങൾക്കു താത്പര്യമുള്ളവർക്ക് പാസ് നൽകി നിലയ്ക്കലിൽ നിന്ന് പന്പയിലേക്ക് സ്വന്തം വാഹനത്തിൽ അയയ്ക്കുന്ന പോലീസ് നടപടിക്കെതിരെ ദേവസ്വം ബോർഡ് രംഗത്ത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം ആവശ്യപ്പെട്ടിട്ടും പ്രമുഖരടക്കമുള്ളവർക്ക് വാഹനപാസ് നിഷേധിച്ചതോടെയാണ് പോലീസിന്റെ സ്വന്തം ആളുകൾക്ക് പാസ് നൽകുന്നതായ ആക്ഷേപവുമായി ബോർഡ് അധികൃതർ രംഗത്തെത്തിയത്.
ഹൈക്കോടതി നിർദേശ പ്രകാരം എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കൽ വരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അവിടെനിന്ന് പന്പയിലേക്ക് കെഎസ്ആർടിസി ബസുകളിലാണ് എല്ലാവരുടെയും യാത്ര. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസിലെ പല ഉന്നതരും തങ്ങൾക്ക് താത്പര്യമുള്ളവരെ പാസ് നൽകി പന്പയിലേക്ക് സ്വന്തം വാഹനത്തിൽ കടത്തിവിട്ടിരുന്നു.
ഇതിനിടെയാണ് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിർദേശപ്രകാരം പാസ് അനുവദിക്കണമെന്ന ആവശ്യമുണ്ടായത്. നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നാണ് വാഹനപാസ് നൽകേണ്ടത്. എന്നാൽ പോലീസ് ഉന്നതർ ഫോണിലൂടെയോ വയർലെസ് സെറ്റിലൂടെയോ വിളിച്ചുപറയുന്ന വാഹനങ്ങൾക്ക് പാസെഴുതി റോഡിൽ തന്നെ എത്തിക്കാറുണ്ട്.
ദേവസ്വം ബോർഡിന്റെ അതിഥികളായെത്തുന്ന പ്രമുഖരെപോലും പന്പയിലേക്ക് സ്വന്തം വാഹനത്തിൽ കടത്തിവിടാൻ പോലീസ് തയാറാകുന്നതുമില്ല. കഴിഞ്ഞദിവസങ്ങളിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കത്തു നൽകിയ പല വാഹനങ്ങൾക്കും നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ പാസ് നിഷേധിച്ചു.
പാസിനായി പോലീസ് സ്റ്റേഷനിലെത്തിയവരോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി ഇടപെട്ടുവെന്നും ആക്ഷേപമുയർന്നു. ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരുടെ ബന്ധുക്കൾ ഉൾപ്പെടെ എത്തിയവർക്ക് പന്പയിലേക്ക് സ്വന്തം വാഹനത്തിൽ യാത്രാനുമതി നിഷേധിച്ചു.
ശബരിമലയിലെ പടിപൂജ, ഉഷഃപൂജ അടക്കം വിശേഷാൽ പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്തുവരുന്നവരെ വിഐപി പരിഗണനയിൽ സന്നിധാനത്തെത്തിക്കാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യട്ടെയെന്നതാണ് പോലീസ് നിലപാട്.
ഇതിനെതിരെ ദേവസ്വം ഉദ്യോഗസ്ഥർ ബോർഡ് മുന്പാകെ പരാതിപ്പെട്ടു. വിശേഷാൽപൂജകൾ ബുക്ക് ചെയ്തെത്തുന്നവരോട് അപമര്യാദയായി ഇടപെടുകയും യാത്രാതടസമുണ്ടാക്കുകയും ചെയ്താൽ ശബരിമലയിലെ വരുമാനത്തെ സാരമായി ബാധിക്കുമെനാണ് ദേവസ്വം നിലപാട്.
ഇപ്പോൾതന്നെ തീർഥാടകരുടെ വരവിൽ ഗണ്യമായ കുറവും വരുമാനത്തിൽ ഇടിവുമുണ്ടായി. ഇതേത്തുടർന്നാണ് വിഐപി പരിഗണനയിൽ ചില വാഹനങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യം ദേവസ്വം ബോർഡിൽ നിന്നുണ്ടായത്.മണ്ഡലകാലത്ത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ സമാനവിഷയം ഉയർത്തിയാണ് നിലയ്ക്കലിൽ എസ്പി ആയിരുന്ന യതീഷ് ചന്ദ്രയുമായി തർക്കിച്ചത്. അന്ന് കേന്ദ്രമന്ത്രി കെഎസ്ആർടിസി ബസിലാണ് പന്പയിലേക്ക് യാത്ര ചെയ്തത്.