തൃശൂർ: നഗരത്തിൽ മദ്യലഹരിയിലായ ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. ഓട്ടോ ഡ്രൈവർ മരോട്ടിച്ചാൽ സ്വദേശി ജിബിൻ ജോയ്ക്കാണു വയറിൽ കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു സുഹൃത്തും ഓട്ടോ ഡ്രൈവറുമായ നെല്ലിക്കുന്ന് സ്വദേശി അനീഷിനെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു സുഹൃത്ത് നെല്ലങ്കര സ്വദേശി മഹേഷിന്റെ കൈയിൽ പരിക്കേറ്റിട്ടുണ്ട്.
വടക്കേസ്റ്റാന്റിനു സമീപത്തെ ജ്വല്ലറിയുടെ മുന്നിലായിരുന്നു സംഭവം. മൂവരും ചേർന്നു മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അനീഷ് അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ജിബിൻ ജോയിയെ കുത്തുകയായിരുന്നുവെന്നു പറയുന്നു.
അനീഷിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണു മഹേഷിന് പരിക്കേറ്റത്. ഉടനെ മറ്റ് ഓട്ടോ ഡ്രൈവർമാരെത്തി ഇവരെ പിടിച്ചുമാറ്റി ജിബിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.