ചിറ്റൂർ: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ വൈക്കോൽ കടത്തുന്നതു മതിയായ സുരക്ഷയില്ലാതെ. വൈക്കോൽ കെട്ടുകൾ പോലും റോഡിൽ അഴിഞ്ഞുവീണു കിടക്കുന്ന അവസ്ഥയിലാണ്. ഇത്തരത്തിൽ റോഡിൽ വൈക്കോലിന്റെ പൊടിപൂരമായതോടെ മറ്റു വാഹനയാത്രക്കാരും വെട്ടിലായി. പലയിടത്തും തീപിടുത്ത ഭീഷണിയുമുണ്ട്. പൊള്ളാച്ചി ഭാഗത്തേയ്ക്കാണ് കൂടുതലായും താലൂക്കിൽ നിന്ന് വൈക്കോൽ പോകുന്നത്.
കൊഴിഞ്ഞാന്പാറ, തത്തമംഗലം, നല്ലേപ്പിള്ളി, വണ്ടിത്താവളം മുതലമട വഴി ദിവസേന അന്പതു മുതൽ എഴുപത്തിയഞ്ചു ലോഡുകളാണ് കടന്നുപോകുന്നത്. മിക്കതും മൂടാത്ത ട്രാക്ടറുകളിൽ. കൊയ്ത്ത് സജീവമായതോടെ വൈക്കോൽ കടത്തും കൂടുതലാകും.
സുരക്ഷിതമല്ലാത്ത വൈക്കോൽ കടത്ത് തുടരുന്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമില്ല. പോലീസ്, ആർടിഒ അധികൃതരൊന്നും മൗനാനുവാദം നല്കുകയുമാണ്. റോഡിൽ വീണുകിടക്കുന്ന വൈക്കോലുകൾക്ക് തീപിടിച്ച സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ച കാന്പ്രത്തുചള്ളയിലും പല്ലശനയിലും ട്രാക്ടറിലെ വൈക്കോലിനു തീപിടിച്ച സംഭവങ്ങളുമുണ്ടായി. കനത്ത വേനൽച്ചൂടിനാൽ അയ്യൻവീട്ടുചള്ള, പാട്ടികുളം, അഞ്ചാംമൈൽ എന്നിവിടങ്ങളിൽ വൈക്കോൽകൂനകൾ കത്തിനശിച്ച സംഭവവമുണ്ടായി. ഈവർഷം വൈക്കോൽ കടത്ത് ക്രമാതീതമായി ഉയർന്നിട്ടുമുണ്ട്.