കൽപ്പറ്റ: ജീവിക്കാനും കുടുംബം പോറ്റാനും പൊരിവെയിലിൽ ഒറ്റക്കാലിൽ നിന്ന് വിശ്രമമില്ലാതെ കേബിൾ കുഴിയെടുക്കുകയാണ് തമിഴ്നാട് പഴനി സ്വദേശി സുബ്രഹ്മണ്യൻ. കൽപ്പറ്റ- പടിഞ്ഞാറത്തറ റോഡിലാണ് സുബ്രമണ്യൻ പൊരിവെയിലിലും കേബിൾ കുഴിയെടുക്കുന്നത്.57 കാരനായ സുബ്രഹ്മണ്യൻ 17-ാം വയസിലാണ് കൂലിപ്പണിക്കായി ആദ്യമായി കേരളത്തിലെത്തുന്നത്. നാൽപത് വർഷമായി കേരളത്തിൽ എല്ലാ ജില്ലകളിലും കൂലിപ്പണിയെടുക്കുകയാണ്.
ഭാര്യയും മകനും നാട്ടിലായതിനാൽ ഇടയ്ക്കൊക്കെ നാട്ടിൽ പോയി താമസിക്കും. റോഡരികിൽ ബിഎസ്എൻഎല്ലിനുവേണ്ടി കേബിൾ കുഴിയെടുക്കുന്നതിനിടെ 1994ൽ രാമനാട്ടുകരയിൽ വച്ച് ചരക്ക് ലോറിയിടിച്ചാണ് സുബ്രഹ്മണ്യന്റെ ഇടതു കാൽ നഷ്ടമായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു.
പിന്നെ നാട്ടിൽ പോയി കുറച്ചു കാലം വിശ്രമിച്ചു. നഷ്ടപരിഹാരമോ ഇൻഷ്വറൻസ് തുകയോ ലഭിച്ചില്ല. ചികിത്സാ ചെലവും ജോലിയില്ലായ്മയും കാരണം കുടുംബം പ്രതിസന്ധിയിലായതോടെ വാക്കറിന്റെ സഹായത്തോടെ വീണ്ടും കേരളത്തിലെത്തി.
ഒറ്റക്കാലിൽ നിന്ന് കേബിൾ കുഴിയെടുക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് കഠിനമായ ശ്രമത്തിലൂടെ വിജയം കണ്ടു. 1.30 മീറ്റർ ആഴത്തിൽ ഒരു മീറ്റർ നീളത്തിൽ കുഴിയെടുത്താൽ 110 രൂപ ലഭിക്കും. ബിഎസ്എൻഎല്ലിനെ കൂടാതെ മറ്റ് മൊബൈൽ ഫോൺ സേവനധാതാക്കൾക്കു വേണ്ടിയും വാട്ടർ അഥോറിറ്റിക്ക് വേണ്ടിയും കുഴി എടുക്കുമായിരുന്നു.
അക്കാലത്ത് സുബ്രഹ്മണ്യന്റെ സംഘത്തിൽ സ്ത്രീകൾ അടക്കം നാൽപത് പേർ വരെ ഉണ്ടാകുമായിരുന്നു. ഇന്ന് ഇത്തരം ജോലികൾക്ക് യന്ത്രം ഉപയോഗിക്കാൻ തുടങ്ങിയതോടെ ജോലി കുറഞ്ഞു. ഇപ്പോൾ സംഘത്തിൽ നാലഞ്ച് പേർ മാത്രമേയുള്ളൂ. കടുത്ത ചൂടിൽ ശാരീരിക അസ്വസ്ഥതകളും ക്ഷീണവും ഉണ്ടങ്കിലും ചെയ്യുന്ന തൊഴിലിൽ സംതൃപ്തനാണ് സുബ്രഹ്മണ്യൻ.