രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും ചങ്കിടിപ്പ് സമ്മാനിച്ച് പുതിയ സര്‍വേ ഫലങ്ങള്‍. ടൈംസ് നൗ മൂഡ് ദ നേഷനുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് വീണ്ടും ബിജെപിയും സഖ്യകക്ഷികളും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്നതാണ് സര്‍വേ.
20 സീറ്റുകളില്‍ 16 എണ്ണത്തിലും യുഡിഎഫ് സ്വന്തമാക്കും. മൂന്നെണ്ണം മാത്രമാകും എല്‍ഡിഎഫിന് ലഭിക്കുക. ബിജെപി ചരിത്രത്തിലാദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സര്‍വേയില്‍ പറയുന്നു. യുഡിഎഫ് 45%, എന്‍ഡിഎ 21.7%, എല്‍ഡിഎഫ് 29.3%, മറ്റുള്ളവര്‍ 4.1% എന്നിങ്ങനെയായിരിക്കും സംസ്ഥാനത്ത് വിവിധ മുന്നണികളുടെ വോട്ടു വിഹിതം.
ടൈംസ് നൗ സര്‍വേ പ്രകാരം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഹിന്ദി ഹൃദയഭൂമിയിലും, നോര്‍ത്ത് ഈസ്റ്റ് മേഖലയിലും വന്‍ മുന്നേറ്റം ഉണ്ടാകും. അതേ സമയം പശ്ചിമ ബംഗാളിലും, ഓഡീഷയിലും മികച്ച വിജയം ബിജെപി നേടുമെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ 29 ല്‍ 22 സീറ്റ്, രാജസ്ഥാനില്‍ 25 ല്‍ 20. ചത്തീസ്ഗഢില്‍ 11 ല്‍ 6 എന്നിങ്ങനെയാണ് ബിജെപി സഖ്യം ഹിന്ദി ഹൃദയഭൂമിയില്‍ നേടുക എന്നാണ് സര്‍വേ പറയുന്നത്.
ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം 36 സീറ്റും, ബിജെപി സഖ്യം 42 സീറ്റും നേടുമെന്നാണ് പറയുന്നത്. പശ്ചിമ ബംഗാളില്‍ എന്‍ഡിഎ മുന്നണി 11 സീറ്റ് നേടും. മഹാരാഷ്ട്രയില്‍ ബിജെപി മുന്നണി 39 സീറ്റ് ജയിക്കുമെന്നും, ഒഡീഷയില്‍ ഇത് 14 ആയിരിക്കുമെന്നും സര്‍വേ പറയുന്നു.
ബംഗാളില്‍ സിപിഎമ്മിന്റെ പതനവും ബിജെപിയുടെ ഉയര്‍ച്ചയും മമത ബാനര്‍ജിയുടെ സ്ഥിരതയും സര്‍വേ പ്രവചിക്കുന്നു. സംസ്ഥാനത്തെ ആകെ 42 സീറ്റുകളില്‍ 31 എണ്ണത്തില്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ 11 സീറ്റുകള്‍ വരെ നേടും. ഇടതുപക്ഷവും കോണ്‍ഗ്രസും വേര്‍തിരിഞ്ഞ് പോരാടുമ്പോള്‍ സംപൂജ്യരായി തോല്‍വി ഏറ്റുവാങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.
സര്‍വേ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസിന് 39% വോട്ടുകളും ബി.ജെ.പിയ്ക്ക് 32% വോട്ടുകളും നേടും. ഇടതുപക്ഷത്തിന് 15% വോട്ടുകളും കോണ്‍ഗ്രസിന് 8% വോട്ടുകളും, മറ്റുള്ളവര്‍ക്ക് 6% വോട്ടുകളും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.
ബിഹാറില്‍ എന്‍ഡിഎ മുന്നണി 27 സീറ്റ് വിജയിക്കും. ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം 13 സീറ്റ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. കര്‍ണാടകയില്‍ ബിജെപി 15 സീറ്റ് നേടും ഇവിടെ കോണ്‍ഗ്രസ് സഖ്യം 13 സീറ്റ് നേടും. ആന്ധ്രയില്‍ 25 ല്‍ 22 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടും എന്നാണ് സര്‍വേ പറയുന്നത്. തെലങ്കാനയില്‍ 17 ല്‍ 13 സീറ്റും ടിആര്‍എസ് നേടും എന്നാണ് പ്രവചനം. ടിഡിപി ആന്ധ്രയില്‍ 3 സീറ്റിലേക്ക് ഒതുങ്ങും എന്ന് സര്‍വേ പറയുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം 34 സീറ്റും എഐഎഡിഎംകെ സഖ്യം അഞ്ച് സീറ്റും നേടുമെന്നാണ് പ്രവചനം. തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യം 52.20 ശതമാനം വോട്ടും എഐഎഡിഎംകെ ബിജെപി സഖ്യം 37.20 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.