എടിഎമ്മില്‍ പണം എടുക്കുന്നതിനായി ആളുകള്‍ കയറുമ്പോള്‍ കടന്നുകയറി, ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് പണം തട്ടുന്ന ആളുകളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കവര്‍ച്ചയ്ക്കായി എത്തി ചിരിയടക്കാനാവാതെ എടിഎമ്മില്‍ നിന്ന് തന്റെ ഉദ്യമം ഉപേക്ഷിച്ച് മടങ്ങുന്ന കള്ളന്റെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കവര്‍ച്ച നടത്താന്‍ ചെന്നപ്പോള്‍ എടിഎമ്മിലുണ്ടായിരുന്ന യുവതിയുടെ അക്കൗണ്ടിലെ ബാലന്‍സ് കണ്ട് ചിരിയടക്കാനാവാതെയാണ് കള്ളന്‍ ഇറങ്ങിപ്പോയത്. അക്കൗണ്ടിലെ അവസ്ഥ കണ്ട് യുവതിയുടെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങിയ തുക പോലും തിരികെ കൊടുത്തിട്ടാണ് കള്ളന്‍ മടങ്ങിയതും.
തെക്കന്‍ ചൈനയിലെ ഹെയ്വാനിലെ ഐസിബിസി ബാങ്കിന്റെ എടിഎമ്മിനുള്ളില്‍ നിന്നു പണമെടുക്കുകയായിരുന്നു ലീ എന്ന യുവതി. പിന്നാലെ എത്തി ഒരാള്‍ എടിഎമ്മിനുള്ളില്‍ അതിക്രമിച്ചു കയറി. യുവതിയുടെ കയ്യിലുണ്ടായിരുന്ന 2500 യുവാന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. ഇതിനുശേഷം അക്കൗണ്ടില്‍ ബാക്കിയുള്ള പണം എടുക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ലീയുടെ അക്കൗണ്ട് കാലിയാണെന്നു കണ്ടതോടെ മോഷ്ടിച്ച പണം തിരികെ നല്‍കി. ഇതിനു പിന്നാലെ ചിരിച്ചുകൊണ്ട് ഇയാള്‍ എടിഎമ്മിനു പുറത്തേക്കു പോയി. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മോഷ്ടാവിന്റെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. അനേകര്‍ കള്ളനെ പുകഴ്ത്തി രംഗത്തെത്തിയെങ്കിലും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുക തന്നെ ചെയ്തു.