ഒാന്തിനെയും അണ്ണാനെയുമൊക്കെ റാഞ്ചി കൊത്തിക്കൊന്നു തിന്ന് ജീവിക്കുന്ന പക്ഷികളാണ് പരുന്തുകൾ. വന്യഭാവം നിറഞ്ഞു നിൽക്കുന്ന ഇവയുടെ കണ്ണുകൾക്ക് കാഴ്ചശക്തിയും വളരെ കൂടുതലാണ്.
ഇത്തരത്തിലുള്ള ഒരു പരുന്തിനെ അതിന്റെ കണ്ണിലേക്ക് സധൈര്യം നോക്കി പേടിപ്പിച്ച് വിട്ടിരിക്കുകയാണ് ഒരു അണ്ണാൻ. അണ്ണാനും പരുന്തുമായുള്ള തുറിച്ചുനോട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
അമേരിക്കൻ നേച്ചർ ഫോട്ടോഗ്രാഫർ റോജർ സ്റ്റീവെൻസ് ജൂനിയറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. അമേരിക്കയിലെ ലിങ്കണിലൂടെ കാറോടിച്ച് പോവുകയായിരുന്നു ഇദ്ദേഹം. അപ്പോഴാണ് വഴിവക്കത്തുള്ള മരത്തിൽ ഒരു പരുന്ത് ഇരിക്കുന്നത് കണ്ടത്. ഇതിന്റെ ചിത്രങ്ങൾ പകർത്താം എന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് മരച്ചില്ലയിൽ പരുന്തിന്റെ അടുത്തായി അതിനെതുറിച്ചു നോക്കി ഒരു അണ്ണാൻ ഇരിക്കുന്നത് കണ്ടത്.
ഇരുവരുടെയും തുറിച്ചുനോട്ട മത്സരം ഏതാണ്ട് 10 മിനിറ്റ് നീണ്ടു നിന്നു. ഒടുവിൽ മത്സരത്തിൽ തോറ്റ പരുന്ത് അവിടെനിന്ന് പറന്നു പോയി.