തേഞ്ഞിപ്പലം: സംസ്ഥാനത്ത് ആദ്യമായി വെസ്റ്റ് നൈൽ പനി ബാധിച്ചു ആറു വയസുകാരൻ മരിച്ചതിന്റെ ആഘാതത്തിലാണ് നാട്ടുകാർ. എന്നാൽ ഇതുവരെയായും വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘത്തിനോ സംസ്ഥാന ആരോഗ്യവകുപ്പിനോ ആയിട്ടില്ല. പക്ഷികളിൽ നിന്നു ക്യൂലെക്സ് കൊതുകുകളിലൂടെ മനുഷ്യരിലേക്കു വൈറസ് ബാധിക്കുന്നതാണ് അപകടം. വൈറസിനെതിരെ മരുന്നില്ലെന്നതും അതീവ ഗൗരവകരമാണ്.
എന്നാൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു വെസ്റ്റ് നൈൽ വൈറസ് പടരില്ലെന്നതു ആശ്വാസമാണ്. യുകെജി വിദ്യാർഥിയായ മുഹമ്മദ് ഷഹനു ഫെബ്രുവരി 19ന് പനിയും ഛർദിയും അനുഭവപ്പെട്ടതോടെയാണ് വൈറസ് ബാധയുടെ ചുരുളഴിയുന്നത്. കോട്ടക്കലിലെയും കോഴിക്കോട്ടെയും പ്രമുഖ ആശുപത്രികളിൽ നിന്നൊന്നും രോഗകാരണം കണ്ടെത്താനായിരുന്നില്ല.
പിന്നീട് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മാർച്ച് എട്ടിനു പരിശോധനാ ഫലം വന്നതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ അതീവ സുരക്ഷാവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയിൽ നിന്നു ആശാവഹമായ പ്രതികരണങ്ങളുണ്ടായെങ്കിലും പ്രതീക്ഷകളെ അട്ടിമറിച്ചു തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
വൈറസ് വാഹകരായ ക്യൂലെക്സ് കൊതുകുകളെ മൂന്നിയൂരിൽ നിന്നും വെന്നിയൂരിൽ നിന്നും പരിശോധനക്കെത്തിയ കേന്ദ്രസംഘം കണ്ടെത്തിയിട്ടുണ്ട്. ഇരുമേഖലകളിൽ നിന്നുമായി ശേഖരിച്ച കൊതുകുകളെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കുട്ടിയുടെ വീടെിൻയും പരിസരവീടുകളിലെ പക്ഷികളിൽ നിന്നു ശേഖരിച്ച രക്തം ഹരിയാന ഹിസാറയിലെ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുമാണ് അയച്ചിരിക്കുന്നത്. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
വെസ്റ്റ് നൈൽ പനിആശങ്ക വേണ്ടെന്നു കളക്ടർ; മറ്റാർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല
മലപ്പുറം: വെസ്റ്റ് നൈൽ പനിയെക്കുറിച്ചു ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി നിയന്ത്രണ വിധേയമാണെന്നും ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. മറ്റാർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. രോഗം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. അശുദ്ധ ജലത്തിൽ വളരുന്ന ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. കൊതുക നിർമാർജന, നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പക്ഷികളിൽ നിന്നു കൊതുകു വഴി മനുഷ്യരിലേക്കുപടരുന്ന വൈറസാണ് വെസ്റ്റ് നൈൽ പനിക്ക് കാരണം.മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കു ഈ രോഗം പകരില്ല.
പനി, തലവേദന, ഛർദി, തൊലിപ്പുറത്തുള്ള പാടുകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ മണ്ണിട്ടുമൂടിയോ മറ്റു മാർഗങ്ങൾ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ പറഞ്ഞു. കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ടോയ്ലറ്റുകളുടെ വെൻറ് പൈപ്പുകൾക്കു വല ഇട്ട് കൊതുകുകളെ അകറ്റുക. സെപ്റ്റിക് ടാങ്കിൻറെ അരികുകളിൽ ഗ്യാപ്പ് ഉണ്ടെങ്കിൽ സിമൻറ് ഇട്ടു ഗ്യാപ്പ് അടക്കുക. മലിന ജലം ശരിയായി സംസ്കരിക്കുക. ജലാശയങ്ങളിൽ ഗപ്പി മത്സ്യം
വളർത്തുക. ഓടകളിൽ മലിന ജലം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ഓടകൾ വൃത്തിയാക്കി മൂടിയിടണം വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക. വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും തോട്ടങ്ങളിലുമുള്ള കൊതുകുവളരാൻ സാധ്യതയുള്ള വെള്ളക്കെട്ടുകൾ നീക്കം ചെയ്യണം.
പക്ഷികൾക്കു (വീട്ടിൽ വളർത്തുന്നവ ഉൾപ്പെടെയുള്ളവ) അസുഖങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെടുകയോ, ചാവുകയോ ചെയ്താൽ തൊട്ടടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യവകുപ്പ് അധികൃതരെയോ വിവരം അറിയിക്കുക. തുടങ്ങിയവയാണ് നിർദേശങ്ങൾ.
പകർച്ചവ്യാധി: സ്പെഷൽ സ്ക്വാഡ് രൂപീകരിക്കും
മലപ്പുറം: ജില്ലയിൽ പകർച്ചവ്യാധികൾ ഇല്ലാതാക്കാനും രോഗങ്ങൾ നിയന്ത്രണ വിധേയമാക്കാനുമായി എല്ലാ ബ്ലോക്കുകളിലും സ്പെഷൽ സ്ക്വാഡ് രൂപികരിക്കും. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികൾ പടരുന്നതുതടയാൻ ദിവസങ്ങളിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ലോഡ്ജ് ഉടമകളുടെ യോഗം വിളിക്കും.
2019 മെയ് മാസത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെയും ഉൾപ്പെടുത്തി മെഗാ ക്യാന്പും സംഘടിപ്പിക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ പകർച്ചവ്യാധികൾ നിർമാർജനം ചെയ്യാൻ സംയുക്ത പരിശോധന നടത്തും. യോഗത്തിൽ അസിസ്റ്റൻറ് കളക്ടർ വികൽപ് ഭരദ്വാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന, ഹരിത കേരളം മിഷൻ കോഓർഡിനേറ്റർ പി.രാജു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.