നിയാസ് മുസ്തഫ
ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും തമ്മിൽ ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ കളിക്കുന്നുവെന്ന പ്രചാരണം ഇനി ഏശില്ല. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തിയിലും സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യം സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഇതോടെയാണ് കോൺഗ്രസുമായി എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യം ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ കളിക്കുകയാണെന്ന പ്രചാരണം തുടങ്ങിയത്.
എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യത്തിലെ പ്രമുഖർ മത്സരിക്കുന്ന ഏഴു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തില്ലായെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങളുടെ സഖ്യം മത്സരിക്കുന്ന ഏഴു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ കോൺഗ്രസ് നിർത്താത്തതിൽ പ്രതിഷേധവുമായി ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തുവന്നത് കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപിയെ അധികാരത്തിൽനിന്ന് ഒഴിവാക്കുക എന്ന വിശാലമായ കാഴ്ചപ്പാടോടെ ഇത്തരമൊരു നീക്കം നടത്തിയ കോൺഗ്രസിന് ഇതു വലിയൊരു തിരിച്ചടിയായി.
കോണ്‍ഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താൻ തങ്ങളുടെ സഖ്യത്തിന് ഒറ്റയ്ക്ക് സാധിക്കുമെന്നും മായാവതി വ്യക്തമാക്കി. സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താൻ അവർ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.തൊട്ടുപിന്നാലെ മായാവതിയെ പിന്തുണച്ച് എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. യുപിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യത്തിന് കഴിയുമെന്ന് അഖിലേഷും വ്യക്തമാക്കി.
ആശയക്കുഴപ്പം സൃഷ്ടിക്കാൻ കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം ശ്രമങ്ങളിൽ പാർട്ടി പ്രവർത്തകർ വീണുപോകരുതെന്ന് മായാവതി നിർദേശിച്ചു. കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യവുമില്ലെന്നും മായാവതി പറഞ്ഞു.സമാജ് വാദി പാർട്ടി (എസ്പി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) സഖ്യത്തിലെ പ്രമുഖർ മത്സരിക്കുന്ന ഏഴ് സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തില്ലെന്ന് കോണ്‍ഗ്രസ് ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. ആകെയുള്ള 80സീറ്റിൽ എസ്പി 37 സീറ്റുകളിലും ബിഎസ്പി 38 സീറ്റുകളിലും ആർഎൽഡി മൂന്നു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രണ്ടു സീറ്റുകൾ ഒഴിച്ചിട്ടും(അമേത്തി, റായ്ബറേലി)
എസ്പിയുടെ മണ്ഡലങ്ങളായ മെയിൻപുരി (മുലായം സിംഗ് യാദവ്), കനൗജ് (അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്), ഫിറോസാബാദ് (അക്ഷയ് യാദവ്) എന്നിവിടങ്ങളിലും ബിഎസ്പി അധ്യക്ഷ മായാവതി, ആർഎൽഡിയുടെ അജിത് സിംഗ്, മകൻ ജയന്ത് ചൗധരി എന്നിവർ മത്സരിക്കുന്ന മണ്ഡലങ്ങളിലും കോണ്‍ഗ്രസിനു സ്ഥാനാർഥികളുണ്ടാകില്ലായെന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപിച്ചത്. ഏഴാമതൊരു മണ്ഡലം കൂടിയുണ്ടെങ്കിലും അത് കോൺഗ്രസ് പരസ്യപ്പെടുത്തിയിരുന്നില്ല.
എന്നാൽ, പ്രിയങ്കയുടെയോ കോൺഗ്രസിന്റെയോ മേൽവിലാ സം തങ്ങളുടെ വിജയത്തിനു പിന്നിലുണ്ടാവരുതെന്ന ചിന്താഗതി യാണ് കോൺഗസിനെ എതിർക്കാൻ മായാവതിയെ പ്രേരിപ്പിച്ചതെ ന്നാണ് വിവരം. പ്രധാനമന്ത്രിയാകാൻ കൊതിക്കുന്ന മായാവതിക്ക് കോൺഗ്രസിന്റെ പിന്തുണയോടെ പല മണ്ഡലങ്ങളിലും വിജയി ക്കാനായി എന്നു പറയുന്നത് തൂക്കുമന്ത്രിസഭ വന്നാൽ വിലപേ ശലിന് ശക്തികുറയ്ക്കുമെന്ന് മനസിലാക്കിയാണ് മായാവതിയുടെ നീക്കമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, യുപിയിൽ കോണ്‍ഗ്രസ് ഏഴു സീറ്റുകൾ ഒഴിച്ചിട്ടത് ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്. ഇതിൽ മായാവതി ദേഷ്യപ്പെടേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. മായാവതിയും അഖിലേഷും എതിർപ്പുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ ഒഴിച്ചിട്ട ഏഴു മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയേക്കുമെന്നാണ് ഒടുവിൽ വരുന്ന വിവരം.
അപ്നാദൾ കൃഷ്ണ പട്ടേൽ വിഭാഗത്തിനു രണ്ടു സീറ്റും മറ്റൊരു ചെറുകക്ഷി ജൻ അധികാർ പാർട്ടിക്ക് അഞ്ചു സീറ്റും കോൺഗ്രസ് മാറ്റിവച്ചിട്ടുണ്ട്. മുൻപു മായാവതിയുടെ വിശ്വസ്തനും ബിഎസ്പി മന്ത്രിയുമായിരുന്ന ബാബു സിംഗ് ഖുശ്വാഹയുടേതാണു ജൻ അധികാർ പാർട്ടി. അതേസമയം, കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി പാർട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ചന്ദ്രശേഖർ ആസാദിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പോലീസ് കസ്റ്റ ഡിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആസാദിനെ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തി പ്രിയങ്ക ഗാന്ധി ആസാദിനെ സന്ദർശിച്ചിരുന്നു. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആസാദിനെ പ്രിയങ്ക സന്ദർശിച്ചത് വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു.