എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഗ്രൂപ്പ് യുദ്ധത്തിൽ കുടുങ്ങി സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതും സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് ലഭിക്കാത്തവരുടെ അതിരുവിട്ട പ്രതികരണങ്ങളും വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ കോൺഗ്രസ് അഖിലേന്ത്യ നേതൃത്വവും യുഡി.എഫ് നേതൃത്വവും. കേരളത്തിൽ നിന്ന് 16 സീറ്റിലധികം ലഭിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു സ്ഥാനാർഥി ചർച്ചകൾ തുടങ്ങുന്നതുവരെ എ.ഐ.സി.സി.
എന്നാൽ സ്ഥാനാർഥി നിർണയത്തിലേയ്ക്ക് കടന്നതോടെ ഗ്രൂപ്പ് യുദ്ധം തുടങ്ങി. വിജയസാധ്യതയെക്കാളും തങ്ങളുടെ അനുയായികളെ സ്ഥാനാർഥിയാക്കാനുള്ള ഗ്രൂപ്പു മാനേജർമാരുടെ താത്പര്യം എല്ലാ സീമകളും വിട്ടതോടെ സ്ഥാനാർഥി പ്രഖ്യാപനം പോലും പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥയിലാണ് കോൺഗ്രസ് എത്തി നിൽക്കുന്നത്.
വയനാട്,ആലപ്പുഴ,വടകര,ആറ്റിങ്ങൽ സീറ്റുകളിലേയ്ക്കുള്ള തർക്കം ഇത്രയധികം മൂർച്ഛിക്കുമെന്ന് അഖിലേന്ത്യ നേതൃത്വം സ്വപ്നത്തിൽപോലും കരുതിയതല്ല. ഒത്തു തീർപ്പു ഫോർമുലകൾ പലകുറി മാറി മറിഞ്ഞെങ്കിലും തീരുമാനമുണ്ടാകാത്തത് വലിയ അസ്വസ്ഥയാണ് രാഹുൽ ഗാന്ധിയ്ക്കടക്കം ഉണ്ടാക്കിയത്.
ഗ്രൂപ്പു നേതാക്കളുടെ അഭിപ്രായം മറികടന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തീരുമാനമെടുത്ത രാഹുൽ ഇക്കുറി അതിൽ നിന്ന് വിഭിന്നമായ നിലപാടാണ് സ്വീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ തീരുമാനത്തിന് പ്രമുഖ്യം നൽകാതെ തൃക്കാക്കരയിൽ ബെന്നിബെഹന്നാനെ ഒഴിവാക്കിയതിൽ എ ഗ്രൂപ്പ് കടുത്ത അതൃപ്തിയിലായിരുന്നു.
അതിന്റെ അനുരണനങ്ങൾ നിയമസഭയിൽ ഉണ്ടാവുകയും ചെയ്തു. വിജയിക്കാവുന്ന പല സീറ്റുകളും നഷ്ടപ്പെടുത്തുകയും ഉറപ്പായിരുന്ന പലസീറ്റുകളുടേയും ഭൂരിപക്ഷം കുറഞ്ഞതും രാഹുലിന്റെ മുന്നിലുണ്ട്. ഇതു മനസിലാക്കിയാണ് കടുത്ത തീരുമാനങ്ങളെടുക്കാതെ എ ഐ ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് രാഹുൽ.
വയനാട്ടിൽ ഉമ്മൻചാണ്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി ടി സിദ്ദിഖിനെ സ്ഥാനാർഥിയാക്കാൻ ഏതാണ്ട് തീരുമാനിച്ചതോടെ ഐ ഗ്രൂപ്പും ചെന്നിത്തലയും പിണങ്ങിയ അവസ്ഥയിലാണ്. ഇവരെ അനുനയിപ്പിച്ചാലും വടകരയിലെ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്.
ജയരാജനെതിരെ ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തത് കോൺഗ്രസിനുള്ളിലും യുഡിഎഫിലും കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഗ്രൂപ്പുകളിയിൽ ലഭിക്കാവുന്ന പല സീറ്റുകളും നഷ്ടപ്പെടാവുന്ന അവസ്ഥയിലാണ് കാര്യങ്ങൾ ചെന്നു നിൽക്കുന്നതെന്ന പരാതി വിഎം സുധീരനടക്കം ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ മുറിവ് ഉണങ്ങിയാലും തെരഞ്ഞെടുപ്പിൽ അത് പലയിടത്തും പ്രതിഫലിക്കുമെന്ന ആശങ്ക സ്ഥാനാർഥികൾക്ക് തന്നെയുണ്ട്. പല സ്ഥാനാർഥികളും കാലുവാരൽ ഭീഷണിയിലാണ്.
ഇതിന് തടയിടാൻ ഹൈക്കമാന്റിന്റെ അന്ത്യശാസനം ഉണ്ടായാലേ കാര്യങ്ങൾ ശരിയാകുകയുള്ളുവെന്ന വിലയിരുത്തലിലാണിവർ. വർഷങ്ങളായി ഐ ഗ്രൂപ്പിന്റെ കൈവശമുള്ള വയനാട് സീറ്റ് എ ഗ്രൂപ്പിന് കൈമാറിയാൽ അതിനോടുള്ള ഐ ഗ്രൂപ്പിന്റെ പ്രതികരണം എങ്ങനെയെന്ന് വരും ദിവസങ്ങളിലെ അറിയാൻ പറ്റു. തമ്മിലടിയിൽ ലഭിക്കുമായിരുന്ന മേൽക്കോയ്മ നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായാൽ അതു സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന സ്ഫാടനം ചെറുതായിരിക്കില്ല.
സീറ്റു കിട്ടാത്ത പല രുടേയും പ്രതിഷേധം പല തരത്തിലും പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിലായ എപി അബ്ദുള്ള കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. വി.എം സുധീരനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിന് അനവസരത്തിലുള്ള പ്രതികരണമെന്ന മറുപടിയുമായി വിടി ബൽറാം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമുള്ള സോഷ്യൽ മീഡിയിലെ പോർവിളികൾ നേതാക്കൾ തന്നെ തുടങ്ങിയത് അണികൾ കൂടി ഏറ്റെടുത്താൽ അതു കോൺഗ്രസിനുണ്ടാക്കാൻ പോകുന്ന ക്ഷീണം ചെറുതായിരിക്കില്ല.