പത്തനംതിട്ട: ശബരിമലയിൽ ഉത്സവം പള്ളിവേട്ട, ആറാട്ട് ദിനങ്ങളിലേക്ക് കടക്കുന്പോൾ ജാഗരൂകരായി പോലീസും ശബരിമല കർമസമിതിയും. യുവതികളെത്തിയാൽ തടയുമെന്ന് കർമസമിതി പ്രവർത്തകർ വ്യക്തമാക്കുന്പോൾ അക്രമം അനുവദിക്കില്ലെന്ന് പോലീസും. ഇന്നലെ രാത്രി ശബരിമലയിലെത്തിയ 50 വയസു കഴിഞ്ഞ രണ്ട് സ്ത്രീകളെ തടഞ്ഞതിനു കർമസമിതി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
ഇതിൽ ഒരു പ്രവർത്തകനെ സന്നിധാനം എസ്പി മർദിച്ചതായി ആരോപിച്ച് കർമസമിതിയും പരാതി നൽകി.ആന്ധ്രയിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ സംഘത്തിലെ ആറ് യുവതികളെ മരക്കൂട്ടത്ത് തടഞ്ഞ് തിരിച്ചയച്ചിരുന്നു. 50 വയസിൽ താഴെയുള്ള ഇവർ നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിൽ യാതൊരു തടസവുമില്ലാതെയാണ് മല കയറിയത്. മരക്കൂട്ടത്തെത്തിയപ്പോൾ കർമസമിതി പ്രവർത്തകർ ഇവരെ തടഞ്ഞു. സംഘർഷം ഭയന്ന് ഇവർ മടങ്ങുകയായിരുന്നു.
രാത്രി ഒന്പതോടെ മല കയറിയെത്തിയ ബംഗളൂരു സ്വദേശികളായ 50 വയസു കഴിഞ്ഞ രണ്ട് സ്ത്രീകളെ തടഞ്ഞതാണ് പോലീസുമായി സംഘർഷമുണ്ടാക്കിയത്. സ്ത്രീകൾ തലയിൽ കറുത്ത തുണി ഇട്ടിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. ഇവരെ തടഞ്ഞു കർമസമിതി പ്രവർത്തകർ പ്രായം തിരക്കി. തങ്ങളെ തടഞ്ഞത് സ്ത്രീകൾ പരാതിപ്പെട്ടതോടെ എസ്പി ഇടപെട്ട് കർമസമിതി പ്രവർ്ത്തകരെ നീക്കുകയായിരുന്നു.
ഇതിനിടെയാണ് കോട്ടയം സ്വദേശി ഗണേശിനു മർദനമേറ്റതായി ആരോപണമുണ്ടായത്. പോലീസ് പിടിച്ചുമാറ്റുന്നതിനിടെ എസ്പി മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ ഗണേശ് പന്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗണേശിനെ ആശുപത്രിയിലാക്കണമെന്നാവശ്യം പോലീസ് അംഗീകരിക്കാതെ വന്നതും തർക്കത്തിനു കാരണമായി. തുടർന്ന് അയ്യപ്പസേവാസംഘം പ്രവർത്തകരുടെ സ്ട്രെക്ചർ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയത്.
സ്ത്രീകളുടെ പരാതിയിൽ കർമസമിതി പ്രവർത്തകർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടക സംഘത്തിലെ സ്ത്രീകളാണ് ഇപ്പോൾ മല കയറാനെത്തുന്നത്്. കേരളത്തിൽ ടൂർ പാക്കേജുകളിൽ എത്തുന്നവരാണ് ഇവരിലേറെയും. ശബരിമലയിലും ദർശനം സാധ്യമാകുമെന്ന തരത്തിലാണ് ഇവരെ ബന്ധപ്പെട്ടവർ ധരിപ്പിച്ചിരിക്കുന്നത്.
നിലയ്ക്കലിലും പന്പയിലും യുവതികൾക്ക് പോലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ആരെയും തടയാനാകില്ലെന്നാണ് പോലീസ് നിലപാട്. എന്നാൽ സംരക്ഷണം നൽകി ആരെയും മല കയറ്റാനുമില്ലെന്ന നിലപാടിലാണ് പോലീസ്.ശബരിമല ഉത്സവത്തോടനുബന്ധിച്ച പള്ളിവേട്ട നാളെയാണ്. ആറാട്ട് 21നു പന്പയിൽ നടക്കും. ആറാട്ടു ഘോഷയാത്ര തിരികെ സന്നിധാനത്തെത്തുന്പോൾ കൊടിയിറങ്ങും. അന്നു രാത്രി നട അടയ്ക്കും.