പത്തനംതിട്ട: വെയിലൂം ചൂടും പ്രചാരണത്തെ ബാധിക്കരുത് – കഠിനമായ വെയിലിൽ മാറിനിന്നോ. പക്ഷേ അതിനനുസരിച്ച് നല്ലപോലെ പണിയെടുത്തേ മതിയാകൂ. പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് വിജയം ഉറപ്പിക്കാൻ നേരിട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഒരു കാര്യത്തിൽ ഉറപ്പുണ്ട്. സ്ഥാനാർഥിയുടെ മികവ് പത്തനംതിട്ടയിൽ ഗുണകരമാകും.
ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്ത യോഗത്തിൽ പത്തനംതിട്ട ഇത്തവണ ഇടതുമുന്നണി ഉറപ്പുള്ള മണ്ഡലമായി മാറണമെന്ന ആവശ്യം നേതാക്കൾക്കു മുന്പാകെ വച്ചു.പാർലമെന്റ് മണ്ഡലത്തിലെ ബൂത്ത് പ്രവർത്തനം കുറെക്കൂടി കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സ്ക്വാഡ് പ്രവർത്തനങ്ങളിൽ പാർട്ടി മെംബർമാർ കൂടുതൽ അനുഭാവികളെ കൂട്ടി പ്രവർത്തിക്കണം.
ബൂത്ത് തല പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയാലേ നേട്ടമുണ്ടാക്കാനാകൂ. വീടുകൾ കയറിയുളള സ്ക്വാഡ് പ്രവർത്തനം പൂർണതോതിലായിട്ടില്ലെന്നു അദ്ദേഹം എടുത്തുപറഞ്ഞു. ചുവരെഴുത്തുകൾ നേരത്തേ പൂർത്തിയാക്കണം. കുടുംബസംഗമങ്ങളിൽ പരമാവധി ആളുകളെത്തണം. വിദ്യർഥികളെയും യുവജനങ്ങളെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാക്കണം.
പത്തനംതിട്ടയുടെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും മികച്ച സ്ഥാനാർഥിയെ തന്നെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നതെന്ന് പിണറായി എടുത്തു പറഞ്ഞു. നിയോജക മണ്ഡലത്തിലെ സിപിഎം ജില്ലാ കമ്മറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, ജില്ലാസെക്രട്ടേറയറ്റംഗങ്ങൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതുവരെയുളള പ്രവർത്തനങ്ങളുടെ ഏരിയ കമ്മറ്റികളിൽ നിന്നുളള റിപ്പോർട്ടുകൾ സെക്രട്ടറിമാർ യോഗത്തിൽ വായിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കെ. അനന്തഗോപൻ തുടങ്ങിയവർ മണ്ഡല അവലോകനം നടത്തി.യോഗത്തിനായി പിണറായി ഞായറാഴ്ച രാത്രി പത്തനംതിട്ട ഗസ്റ്റ്ഹൗസിലെത്തിയിരുന്നു. ഇന്നലെ രാവിലെ സ്ഥാനാർഥി വീണാ ജോർജുമായി അരമണിക്കൂർ ചർച്ച നടത്തി.