കോഴിക്കോട്: തെരഞ്ഞെടുപ്പൊക്കെ ശരി തന്നെ..നിങ്ങള്‍ക്ക് പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കാം. പക്ഷെ കളി ഐസ്ഇബിയോട് വേണ്ട. ഏത് കൊമ്പത്തെ സ്ഥാനാര്‍ഥിയായാലും “ഫ്യൂസ്’ ഊരിപ്പോകും. ട്രാന്‍സ്ഫോമറുകളിലോ വൈദ്യൂതി തുണുകളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വല്ല പോസ്റ്ററുകളോ ബാനറുകളോ കണ്ടാല്‍ കെഎസ്ഇബി “എട്ടിന്റെ പണി’ തരും.
വൈദ്യുതി തൂണുകളിലെ പാര്‍ട്ടി ചിഹ്നങ്ങള്‍ കരിഓയില്‍ അടിച്ചു മായ്ക്കാന്‍ സംസ്ഥാനം മുഴുവന്‍ സ്ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനുള്ള ചിലവാകട്ടെ പാര്‍ട്ടികളില്‍ നിന്നും ഇടാക്കാനാണും തീരുമാനമുണ്ട്. 25,000 മുതല്‍ 30,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഗ്രാമങ്ങളിലും നഗരങ്ങളിലും വൈദ്യുതി തൂണുകളില്‍ ബുക്ക്ഡ് എന്ന് എഴുതുന്നത് പതിവാണ്.
ഇതിനായി പോസ്റ്റുകള്‍ വെള്ള പെയിന്റടിച്ച് വൃത്തിയാക്കി വച്ചുകഴിഞ്ഞു. ഇത്തരം സ്ഥലങ്ങളിലെല്ലാം പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുത്തുകഴിഞ്ഞു. പക്ഷെ അപ്പോഴും സ്വന്തം പാര്‍ട്ടി ചിഹ്നം പതിപ്പിച്ചതിന് ഇടതു നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പണിതരും എന്ന് വിശ്വസിക്കാന്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കമല്ല.
പരസ്യങ്ങള്‍ വെള്ള പെയിന്റടിച്ച മായ്ച്ചാല്‍ പിന്നെയും എഴുതാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് കരി ഓയില്‍ ഒഴിച്ച് “വൃത്തിയാക്കാനുള്ള’ തീരുമാനം. എന്തായാലും ഇതിനനെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ കക്ഷികളും നേതാക്കളും രംഗത്തെത്തികഴിഞ്ഞു. എന്നാല്‍ ഇതുമാത്രമല്ല ഇപ്പോള്‍ കെഎസ്ഇബി ഉന്നയിക്കുന്ന പ്രധാന പ്രശ്നം.കടുത്ത ചൂടാണ്.
എറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. ഇത് തുടര്‍ന്നാല്‍ പവര്‍കട്ട് പോലുള്ള ശക്തമായ നടപടികള്‍ക്ക് കെഎസ്ഇബിയ്ക്ക് നീങ്ങേണ്ടിവരും.ഈ സാഹചര്യത്തിലാണ് കൂനിന്മേല്കുരുപോലെയുള്ള തെരഞ്ഞെടുപ്പുകൂടി വന്നിരിക്കുന്നത്. പ്രചാരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഒട്ടുമിക്ക പാര്‍ട്ടി ഓഫീസുകളിലും പകല്‍ -രാത്രി വ്യത്യാസമില്ലാതെ ഇനി ലൈറ്റുകള്‍ തെളിഞ്ഞുകൊ ണ്ടേയിരിക്കും.
ഇതിനോടാപ്പം രാത്രികാല തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍, പകല്‍ സമയത്തെ ഉച്ചഭാഷിണി പ്രയോഗം. ഇതിനെല്ലാം അമൂല്യമായ വൈദ്യുതി ഉപയോഗിക്കേണ്ടിവരും. പാര്ട്ടിച്ചര്ച്ചകള്ക്ക് രാത്രി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരും. ടെലിവിഷനുകള്‍ ഇനി മിഴയടക്കില്ല. ഇതെല്ലാം കെഎസ്ഇബിയെ പേടിപ്പെടുത്തുന്നു.
അവസാനം പോകുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിലെ ലൈറ്റണച്ച്പോകണമെന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെ സൂചിപ്പിച്ച് മന്ത്രി മണി വെറുതേ പറഞ്ഞതല്ല. അത് സ്വന്തം പ്രവര്‍ത്തകര്‍ക്കും ബാധകമാണ്. കൊഴിഞ്ഞുപോക്കിന്റെ പേരിലല്ല -വരാനിരിക്കുന്ന വൈദ്യൂതിപ്രതിസന്ധിയുടെ പേരില്‍ . അല്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ ജയിക്കുന്നത് ഇരുട്ടത്ത് കാണേണ്ടിവരുമെന്ന മുന്നറിയിപ്പുകൂടിയാണ് ഇത്.