ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: പതിനാലു വർഷങ്ങൾക്ക് മുൻപ് അടിമാലി പനംകുട്ടി പവർ ഹൗസിനടുത്ത് പെരിയാർ പുഴയിൽ കണ്ടെത്തിയ രണ്ടു കാലുകളുടെ ഉടമയെ തിരിച്ചറിഞ്ഞെങ്കിലും ഇതിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു.
വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് കാലുകൾ ഇടുക്കി കൊന്നത്തടി വില്ലേജിൽ പണിക്കൻകുടി സ്വദേശി കുന്നപ്പള്ളിൽ ജോസിന്റെ (49) യാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ശാസ്ത്രീയ പരിശോധനയിൽ കാലുകൾ മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് ശരീരത്തിൽ നിന്നും മുറിച്ചു മാറ്റിയതെന്നും വ്യക്തമായി.
മറ്റു ശരീര ഭാഗങ്ങൾകണ്ടെത്താനായില്ല
കാലുകൾ ഒഴികെ മറ്റു ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവം ക്രൂരമായ കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതോടെ ജോസിന്റെ തിരോധനവും ദുരൂഹ സാഹചര്യത്തിൽ കാലുകൾ കണ്ടെത്തിയതിന്റെയും ഉള്ളുകള്ളികൾ തേടുകയാണ് പുതുതായി കേസ് ഏറ്റെടുത്തിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
2005 ജൂലൈ 24നാണ് കുന്നപ്പള്ളിൽ ജോസഫിന്റെ മകനായ ജോസിനെ കാണാതാകുന്നത്. ടാറിംഗ് ജോലി ചെയ്തിരുന്ന ജോസ് രാവിലെ രാജാക്കാട് ജോലിക്കായി വീട്ടിൽ നിന്നു പുറപ്പെട്ടതാണ്. പിന്നീട് ജോസിനെ വീട്ടുകാരോ നാട്ടുകാരോ കണ്ടിട്ടില്ല. തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല.
ഇതിനിടെയാണ് ജൂലൈ 27നു നാടിനെ ഞെട്ടിച്ച് പനംകുട്ടി പവർഹൗസിനു സമീപം പുഴയിൽ മുറിച്ചു മാറ്റിയ നിലയിൽ ഒരു കാൽ കണ്ടെത്തിയത്. പുഴയിൽ അകപ്പെട്ട ആരുടെയെങ്കിലും ആയിരിക്കും കാലുകൾ എന്ന രീതിയിൽ അടിമാലി പോലീസ് അന്വേഷണമാരംഭിച്ചു. എന്നാൽ ഓഗസ്റ്റ് എട്ടിന് സമീപത്തു നിന്നും ഒരു കാലു കൂടി കണ്ടെത്തി. എന്നാൽ ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ കാലുകൾ ആരുടേതെന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പുഴയിൽ അകപ്പെട്ട ് പലരെയും കാണാതായെങ്കിലും ഇവരുടെയൊക്കെ മൃതദേഹങ്ങൾ ദിവസങ്ങൾക്കുള്ളിൽ ലഭിച്ചതോടെ ആ നിലക്കുള്ള അന്വേഷണം നിലച്ചു.
അന്വേഷണം ക്രൈം ബ്രാഞ്ചിന്
ലോക്കൽ പോലീസിനു കാലുകൾ ആരുടേതെന്നു കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് കാലുകൾ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി. ഇതിനിടെ ജോസിനെ കാണാതായ കേസ് വെള്ളത്തൂവൽ പോലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ജോസിന്റെ മകൻ ബേസിലിന്റെയും മാതാപിതാക്കളുടെയും രക്ത സാന്പിളുകളിൽ നിന്നും കണ്ടെത്തിയ കാലുകളിലെ അസ്ഥിയിൽ നിന്നും വേർതിരിച്ചെടുത്ത സാന്പിളും ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് കാലുകൾ ജോസിന്റേതാണെന്ന് വ്യക്തമായത്.
മുട്ടിനു താഴെ മൂർച്ചയേറിയ ആയുധം കൊണ്ടു വെട്ടിമാറ്റി
മുട്ടിനു താഴെ വെട്ടിമാറ്റപ്പെട്ട കാലുകൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മുറിച്ചതെന്ന് ഫോറൻസിക് മെഡിസിൻ വിഭാഗം കണ്ടെത്തി. ഇതോടെ കാലുകൾ കണ്ടെത്തിയ കേസിനു പുറമെ ജോസിന്റെ തിരോധാനക്കേസും ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ജോസുമായി തർക്കമുണ്ടായതായി പറയപ്പെടുന്ന ചിലരെയും മറ്റും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അവർക്ക് തിരോധാനവുമായി ബന്ധമില്ലെന്ന് വ്യക്തമായി. അതിനാൽ കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഏതെങ്കിലും വിവരം അറിയിക്കാനുണ്ടങ്കിൽ അന്വേഷണ സംഘത്തെ ധരിപ്പിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വർഷങ്ങൾ പഴക്കമുള്ള കേസായതിനാൽ വിലപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങളിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സാജു വർഗീസിനാണ് അന്വേഷണച്ചുമതല. ഫോണ്.9895794600, ഓഫീസ് – 04862 223983, പോലീസ് സൂപ്രണ്ട് -9447662168. ഴിത്തിരിവ്