വെഞ്ഞാറമൂട്: കാറും പിക് അപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. തട്ടത്തുമല ശ്രീ ഉദയമൻകാവ് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് വള്ളൂർ ആർ.ടി.ഹൗസിൽ രവീന്ദ്രൻ (60) ആണ് മരിച്ചത്. വള്ളൂർ സ്വദേശികളായ സുരേഷ് (51), മനു (33) എന്നിവർക്കാണ് പരിക്കുപറ്റിയത്.പുലർച്ചെ 7.30 ന് ദേശീയ പാതയിൽ വെഞ്ഞാറമൂട് മുസ്ലിം ജുമാ മസ്ജിത്തിന് മുൻവശത്ത് വച്ചായിരുന്നു അപകടം.
കാറിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കിളിമാനൂർ ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറിൽ എതിർദിശയിൽ വരുകയായിരുന്ന പിക് അപ് നേരിട്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു .
ക്യാബിനുള്ളിൽ കുടുങ്ങിയവരെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സും നാട്ടുകാരും പോലീസും ഏറെ പണിപ്പെട്ടായിരുന്നു ഇവരെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രൻ മരിക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.