തൃശൂർ: വടക്കേ ബസ് സ്റ്റാൻഡിനടുത്തുവച്ച് യുവാവിനെ ആക്രമിച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ ഷാഡോ പോലിസും ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റു ചെയ്തു. തൃശൂർ നെല്ലങ്കര സ്വദേശി ചക്കാലക്കൽ വീട്ടിൽ പൊരി അനീഷ് എന്നറിയപ്പെടുന്ന അനീഷ്(28) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം മരോട്ടിച്ചാൽ സ്വദേശിയായ വലിയപറന്പിൽ ജിബി ജോയ് എന്നയാളെ മുൻ വൈരാഗ്യംവെച്ച് കൊലപ്പെടുത്താൻ ഉദ്ദേശിച്ച് ബാറിൽ കൊണ്ടുപോയി മദ്യം വാങ്ങിക്കൊടുത്തിട്ടാണ് വയറ്റിൽ രണ്ടുതവണ കുത്തിയതെന്നു പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സുഹൃത്തുക്കളായ കുഞ്ഞുണ്ണി എന്ന മഹേഷിനേയും പ്രതി ആക്രമിക്കുകയും പരിക്കേല്പിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ അനീഷിനെ ഏതാനും മണിക്കൂറുകൾക്കകംതന്നെ പോലീസ് പിടികൂടി. പ്രതിയെ ചോദ്യം ചെയ്തതിൽ യുവാവിനെ കുത്താൻ ഉപയോഗിച്ച കത്തി യുവാവിന്റെ വയറ്റിൽതന്നെ വച്ചിട്ടുണ്ടെന്നു മൊഴിനല്‍കി. കത്തി യുവാവിന്റെ വയറ്റിൽനിന്നും ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
അറസ്റ്റിലായ അനീഷ് കഞ്ചാവുകേസുകളടക്കം നിരവധി കേസുകളിലെ പ്രതിയാണ്. പ്രതിക്കെതിരേ തൃശൂർ ഈസ്റ്റ്, വിയ്യൂർ, പേരാമംഗലം പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഈസ്റ്റ് സിഐ ഉത്തംദാസ്, എസ്ഐമാരായ ആർ. രഞ്ജിത്ത്, പി. സതീഷ്, ടി.ആർ. ഗ്ലാഡ്സ്റ്റണ്, എഎസ്ഐമാരായ എൻ.ജി.സുവൃതകുമാർ, പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ടി.വി.ജീവൻ, സിവിൽ പോലീസ് ഓഫീസർ പി.കെ. പഴനിസ്വാമി, എം.എസ്.ലിഗേഷ്, കെ.ബി.വിപിൻദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.