തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകൾ സ്ത്രീകൾക്കും അംഗപരിമിതർക്കും സൗകര്യപ്രദമായി സജ്ജീകരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടി.വി. അനുപമ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ത്രീ സൗഹൃദ ബൂത്തുകളിൽ പോളിംഗ് ഉദ്യോഗസ്ഥരായി സ്ത്രീകളെ നിയമിക്കും. അത്തരം ബൂത്തുകളിൽ മുലയൂട്ടലിനായി പ്രത്യേക സംവിധാനവും ഏർപ്പെടുത്തും.
ബൂത്തുതലത്തിൽതന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ടുചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. അംഗപരിമിതർ എത്തുന്ന പോളിംഗ് ബൂത്തുകൾ അംഗപരിമിത സൗഹൃദ ബൂത്തുകളാക്കി മാറ്റും. പഞ്ചായത്തുതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള സർക്കാർ വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ സജ്ജമാക്കി അംഗപരിമിതരെ പോളിംഗ് ബൂത്തിലെത്തിക്കും.
ഇവർക്കു ബൂത്തുകളിൽ വീൽചെയർ സൗകര്യം, ഇരിപ്പിടം, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും. ജില്ലയിൽ 5,000 മുതൽ 10000 വരെ അംഗപരിമിതരെ വാഹനങ്ങളിൽ ബൂത്തുകളിലെത്തിക്കാൻ ലക്ഷ്യമിടുന്നതെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ 13 നിയോജക മണ്ഡങ്ങളിലായി 23,59,582 ലക്ഷം വോട്ടർമാരാണുള്ളത്. വോട്ടർപട്ടികയിൽ കൂടുതൽ പേരെ ചേർക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
50000 ത്തോളം പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ശ്രമം. വിവിപാറ്റ് ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഓരോ മണ്ഡലങ്ങളിലും പരിചയപ്പെടുത്തിവരുന്നു. ഇതിനായി ആറ്് സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് വരെ ഇതു തുടരുമെന്നും കളക്ടർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനായി സി വിജിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാല് സ്ക്വാഡുകളായാണ് പ്രവർത്തനം. ഇതുവഴി പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള ഏതു പരാതിക്കും 100 മിനിറ്റിനുള്ളിൽ പരിഹാരം കാണും. തെരഞ്ഞെടുപ്പിൽ ഗ്രീൻപ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കും.
ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്, പിവിസി, ഡിസ്പോസബിൾ വസ്തുക്കൾ മുതലായവ ഒഴിവാക്കും. ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കേണ്ടതാണെന്നും ബോർഡുകൾ, ബാനറുകൾ എന്നിവയിൽനിന്നുള്ള മാലിന്യ സാധ്യതകൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ 13 നിയോജക മണ്ഡലങ്ങളിലായി 2283 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. പത്രസമ്മേളനത്തിൽ എഡിഎം റെജി പി. ജോസഫ്, ആർഡിഒ പി.എ. വിഭൂഷണൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി. വിജയൻ എന്നിവർ പങ്കെടുത്തു.