കൂത്തുപറമ്പ്: ഇരുപതുകോൽ ആഴമുള്ള കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ആലച്ചേരിയിലെ ഒരു കൂട്ടം യുവാക്കൾ. കളിക്കുന്നതിനിടെ വീട്ടു കിണറ്റിൽ വീണ ആലച്ചേരി കൊളത്തായിലെ രണ്ടു വയസുകാരനായ റസാനെയാണ് സ്വന്തം ജീവൻ പോലും നോക്കാതെ പി.വി. ഷിജുവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ രക്ഷിച്ചത്. 10ന് വൈകുന്നേരമായിരുന്നു സംഭവം.
ആലച്ചേരി അമ്പലക്കണ്ടി മടപ്പുരയിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പെയിന്റിംഗ് ജോലി ചെയ്യുമ്പോഴായിരുന്നു ഷിജുവും സുഹൃത്തുക്കളും പരിസരത്തെ വീട്ടിൽ നിന്നും നിലവിളി കേട്ടത്. ഓടിയെത്തിയപ്പോൾ ഷമീർ-അമീറ ദമ്പതികളുടെ മകനായ റസാൻ വീട്ടുകിണറ്റിൽ വീണതായി അറിഞ്ഞത്.
കയറിൽ പിടിച്ച് ഷിജു നേരെ കിണറ്റിലേക്ക് ഊർന്നിറങ്ങി റസാനെ കരയ്ക്കെത്തിച്ചു. ഉടൻ കൃത്രിമശ്വാസം നല്കിയ ശേഷം റസാനെ കൂത്തുപറമ്പിലെ ആശുപത്രിയിലും തുടർന്ന് തലശേരിയിലെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സുഹൃത്തുക്കളായ സി. ശശിധരൻ, രാഗേഷ് , എം. ജിതിൻ, പ്രവിത്ത് , ഗോകുൽ, സുജീഷ്, വിപിൻദാസ്, അഭിലാൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ആലച്ചേരി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം, സ്വപ്ന ആട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പേരാവൂർ ഫയർഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ചടങ്ങിൽ റസാനെ രക്ഷിച്ച യുവാക്കളെ അനുമോദിച്ചു.