പാനൂർ: പ്രധാനമന്ത്രിമോദി നടപ്പാക്കുന്ന പദ്ധതികൾ തന്റെ അക്കൗണ്ടിലാക്കാനാണു പിണറായി വിജയൻ ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ.രഞ്ജിത്ത്. 2021 ഓടെ രാജ്യത്തെ മുഴുവൻ കുടുംബങ്ങൾക്കും വീടെന്ന സ്വപ്നപദ്ധതി നടപ്പാക്കി വരികയാണ്.
ഈ പദ്ധതി ലൈഫ് എന്ന പേരിൽ തങ്ങളുടെ അക്കൗണ്ടിലാക്കാനാണു പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്നു കെ.രഞ്ജിത്ത് കുറ്റപ്പെടുത്തി. പാനൂർ യുപി സ്കൂളിൽ നടന്ന കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൻധൻ യോജന മുതൽ കിസാൻ സമ്മാൻ പദ്ധതിവരെ നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികളാണ്.
കോൺഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തിലേക്കു നാം മുന്നോട്ടു പോകണം. സിപിഎമ്മിനു ഈ തെരഞ്ഞെടുപ്പോടു കൂടി ദേശീയപാർട്ടി എന്ന അംഗീകാരം നഷ്ടപ്പെടാൻ പോകുകയാണെന്നും ശബരിമലയെ തകർക്കാൻ ശ്രമിച്ച പിണറായി സർക്കാറിനെതിരെയുളള വിധിയെഴുത്തു കൂടിയായി ഈ തെരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സികെ.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. മുൻപ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്റെ വേർപാടിൽ കൺവൻഷൻ അനുശോചനം രേഖപ്പെടുത്തി.ജില്ലാപ്രസിഡന്റ് പി.സത്യപ്രകാശ് അനുസ്മരണപ്രഭാഷണം നടത്തി.
ലോക്സഭ മണ്ഡലം സംയോജക് കെ.ഗിരീഷ്, സഹസംയോജക് കെ.ബി.പ്രജിൽ, കെ.സുകുമാരൻ, വിപി.സുരേന്ദ്രൻ, വിപി.ബാലൻ, കെസി.വിഷ്ണു, കെ.രതീഷ്, അനൂപ്, കെകെ.ധനഞ്ജയൻ, രാജേഷ് കൊച്ചിയങ്ങാടി, കെ.പി.സഞ്ജീവ്കുമാർ എന്നിവർ പ്രസംഗിച്ചു.