രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് സംഘടന, മീടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് തന്റെ കരിയര്‍ തകര്‍ത്തു, എങ്കിലും നിയമ പോരാട്ടം തുടരും; ഗായിക ചിന്മയി

ഗായിക ചിന്‍മയിയുടെ മീടു വെളിപ്പെടുത്തല്‍ തമിഴ് സിനിമാ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു ചിന്‍മയി ലൈംഗികാരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ചിന്‍മയിക്ക് വലിയ തോതിലുള്ള വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ചിന്‍മയിയെ തമിഴ് ഡബ്ബിങ് യൂണിയനില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ല എന്ന കാരണം പറഞ്ഞാണ് ഡബ്ബിങ് യൂണിയനില്‍ നിന്നും ചിന്‍മയിയെ പുറത്താക്കിയത്. ഇപ്പോള്‍ ചിന്‍മയിയെ പുറത്താക്കിയ നടപടി ചെന്നൈ സിവില്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്തുശതമാനം ഈടാക്കിയിരുന്നുവെന്ന് ചിന്‍മയി പറഞ്ഞിരുന്നു.

സംഘടനയുടെ വിലക്കു കാരണം കഴിഞ്ഞ നവംബറിനു ശേഷം ചിന്‍മയിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടപടി പിന്‍വലിക്കുന്നതിനായി മാപ്പു പറയണമെന്നും ഒന്നര ലക്ഷം രൂപ നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടതായും ചിന്‍മയി മുന്‍പ് പറഞ്ഞിരുന്നു. സ്റ്റേ അനുവദിച്ചെങ്കിലും വലിയൊരു നിയമപോരാട്ടമാണ് ഇനി വരാനിരിക്കുന്നതെന്നും നീതി നടപ്പാകുമെന്ന് കരുതുന്നതായും ചിന്‍മയി പ്രതികരിച്ചു.

Related posts