എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം. കേരളത്തിലെ അനുകൂല സാഹചര്യം കൂടുതൽ ശക്തമാക്കാൻ പ്രിയങ്ക ഗാന്ധി കൂടി പ്രചാരണത്തിന് എത്തണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.
ഇക്കാര്യം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയും അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും. എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും ഈ ആവശ്യം ഉടൻ തന്നെ അറിയിക്കും. വടകരയിലേയും വയനാട്ടിലേയും സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി ഇന്നു പ്രഖ്യാപിക്കും.
വടകരയിൽ കെ മുരളീധരനും വയനാട്ടിൽ ടി.സിദ്ദിഖും സ്ഥാനാർഥികളാകുമെന്ന് ഉറപ്പാണങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കേരളത്തിൽ കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരം, വടകര, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട മണ്ഡലങ്ങളിൽ പ്രിയങ്കയെ പ്രചാ രണത്തിനെത്തിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വം നടത്തുന്നത്.
തിരുവനന്തപുരത്തും വടകരയിലും പ്രിയങ്ക പ്രചാരണത്തിനെത്തുമെന്ന് തന്നെയാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വടകരയിലെ കെ മുരളീധരന്റെ സ്ഥാനാർഥിത്വം കോൺഗ്രസിലും യുഡിഎഫിലും ഉണ്ടാക്കിയിരിക്കുന്ന ആത്മവിശ്വാസവും ആഹ്ലാദവും ചെറുതല്ല.
മുരളീധരന്റെ സ്ഥാനാർഥിത്വം വഴി മലബാർ മേഖലയിലെ മറ്റു മണ്ഡലങ്ങളിൽ 5000 വോട്ടിന്റെ വർധനവ് ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് സംസ്ഥാന നേതൃത്വം. മുരളീധരന്റെ സ്ഥാനാർഥിത്വം വലിയ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം സംസ്ഥാനത്തെ നേതാക്കൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. പ്രിയങ്കയുടെ പ്രചാരണ പരിപാടികൾ ചാർട്ട് ചെയ്യുന്പോൾ കേരളത്തിലെ പ്രചാരണം കൂടി അതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുൻകുട്ടി നൽകുക വഴി പ്രിയങ്കയെ എങ്ങനേയും കൊണ്ടുവരാനുള്ള ശ്രമം സംസ്ഥാന നേതൃത്വം തുടങ്ങിയിരിക്കുകയാണ്.