മലപ്പുറം: വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ എ.ആർ നഗറിൽ കോട്ടയം വെക്ടർ കണ്ട്രോൾ റിസർച്ച് സെന്ററിൽ നിന്നുള്ള സംഘം ഇന്നു പരിശോധന നടത്തും. പനി ബാധിച്ച് മരിച്ച കുട്ടിയുടെ വീടും പരിസരവും സംഘം സന്ദർശിച്ചു വിലയിരുത്തും.
സംസ്ഥാന എൻറമോളജി വിഭാഗത്തിൽ നിന്നുള്ള സംഘവും ഇന്നു സ്ഥലം സന്ദർശിക്കുന്നുണ്ട്. സന്ദർശനത്തിനുശേഷം ജില്ലാ മെഡിക്കൽ ഓഫീസർ കെ.സക്കീനയുടെ അധ്യക്ഷതയിൽ മലപ്പുറത്ത് യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തും.
പകർച്ചവ്യാധികൾ തടയാനും രോഗങ്ങൾ നിയന്ത്രണ വിധേയമാക്കാനുമായി എല്ലാ ബ്ലോക്കുകളിലും സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കൊതുകു നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഉൗർജിതമാണ്. മൃഗസംരക്ഷണ വകുപ്പിൻറെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും വളർത്തു മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും സാംപിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.