പത്തനംതിട്ട: ജില്ലയിലെ അഞ്ച് എംഎൽഎമാരിൽ മൂന്നു പേരും ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. സംസ്ഥാനത്ത് ഇരുമുന്നണികളും ഒന്പത് എംഎൽഎമാരെയാണ് മത്സരിപ്പിക്കുന്നതെങ്കിൽ ഇതിൽ മൂന്നുപേരും പത്തനംതിട്ട ജില്ലയിലെ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്.
വീണാ ജോർജ് (ആറന്മുള), ചിറ്റയം ഗോപകുമാർ (അടൂർ), അടൂർ പ്രകാശ് (കോന്നി) എന്നിവരാണ് ലോക്സഭയിലേക്ക് ജനവിധി തേടുന്ന പത്തനംതിട്ടയിലെ എംഎൽഎമാർ. വീണാ ജോർജും ചിറ്റയം ഗോപകുമാറും എൽഡിഎഫ് നിരയിലും അടൂർ പ്രകാശ് യുഡിഎഫ് സ്ഥാനാർഥിയുമാണ്.
വീണാ ജോർജ് മാത്രമാണ് സ്വന്തം നിയോജകമണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ജനവിധി തേടുന്നത്. ചിറ്റയം ഗോപകുമാറും അടൂർ പ്രകാശും ജില്ലയ്ക്കു പുറത്താണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുവരും സ്വന്തം മണ്ഡലവും വിട്ടുകഴിഞ്ഞു. പ്രചാരണം തീരുന്നതുവരെ എംഎൽഎ സ്ഥാനത്തിന് അവധി നൽകിയിരിക്കുകയാണ്.
കുടിവെള്ള ക്ഷാമം, പ്രളയപുനരധിവാസം വിഷയങ്ങൾ മണ്ഡലങ്ങളിലുള്ളപ്പോൾ എംഎൽഎമാരുടെ അസാന്നിധ്യം ചർച്ചയാകും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ പദ്ധതികളില്ലെങ്കിലും ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം തേടി ആളുകൾ എംഎൽഎമാരെ സമീപിക്കാറുണ്ട്.
2014ലെ തെരഞ്ഞെടുപ്പിൽ തിരുവല്ല എംഎൽഎ മാത്യു ടി. തോമസ് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.