രാജകുമാരി: തൊടികളിലും ചന്തയിലെ തിരക്കുകൾക്കിടയിലും തെരുവുകളിലെ മരക്കൊന്പുകളിലും ധാരാളമായി കണ്ടിരുന്ന അങ്ങാടിക്കുരുവികൾ നാമമാത്രമായി മാറിയിരിക്കുന്നു. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾമൂലം ചരിത്രത്തിന്റെ പിന്നാന്പുറത്തേക്കു പറന്നുപോകുന്ന ഒരു ജീവിവർഗമായി അങ്ങാടിക്കുരുവികൾ മാറിയിരിക്കുന്നു.
ഗ്രാമ, നഗര മേഖലയിൽ കൂടുണ്ടാക്കാനുള്ള ഇടങ്ങൾ കുറയുന്നതും വർധിച്ചുവരുന്ന പ്രാവുകൾ കുരുവികളുടെ ഇടം കൈയടക്കുന്നതും ഇവയുടെ ജീവിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. വികസന പ്രവർത്തനത്തിനായി ഗ്രാമ – നഗരങ്ങളിൽ മരങ്ങൾ വ്യാപകമായി വെട്ടിനിരത്തുന്നതും കുരുവികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.
2010 മുതലാണ് കുരുവിദിനം ആചരിച്ചുതുടങ്ങിയത്. മുൻപ് വ്യാപാരശാലകളുടെ മുന്നിൽ ഇവയ്ക്ക് പാർപ്പിടമൊരുക്കി ഇവയെ സംരക്ഷിച്ചിരുന്നു. എന്നാൽ പുതിയ കെട്ടിടനിർമാണ രീതിയും ജീവിത ശൈലിയും കുരുവികൾക്കു പൊരുത്തപ്പെട്ടു പോകാനായിട്ടില്ല.
ഒപ്പം കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗംമൂലം തീറ്റയ്ക്കാവശ്യമായ പ്രാണികളെയും ചെറുകീടങ്ങളെയും കിട്ടാതായതും കുരുവികൾക്ക് തിരിച്ചടിയായി.ഇടവും തീറ്റയും വെള്ളവും ഒരുക്കിയാൽ നമ്മുടെ തെരുവുകളിലേക്ക് ഇനിയുമേറെ കുരുവികൾ പറന്നെത്തും.