പി.ടി.പ്രദീഷ്
കണ്ണൂർ: കേരളത്തോടു ചേർന്നുകിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ സിപിഎം പ്രവർത്തകർ ശരിക്കും “പെട്ടു’. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണു മാഹി. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ഇടതുപക്ഷത്തിനു സ്ഥാനാർഥികളുണ്ടാകില്ല. കാരണം മറ്റൊന്നുമല്ല, തമിഴ്നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് സഖ്യത്തിനൊപ്പമാണു സിപിഎമ്മും സിപിഐയും.
സഖ്യത്തിന്റെ ധാരണപ്രകാരം പുതുച്ചേരി സീറ്റ് കോൺഗ്രസിനാണ്. കേരളത്തിൽ പരസ്പരം പോരടിക്കുന്പോൾ മാഹിയിലെ ഇടതുപക്ഷ പ്രവർത്തകർ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്യേണ്ടിവരുമെന്നർഥം. മാഹിയിലെ സിപിഎമ്മിന്റെ സംഘടനാസംവിധാനം കണ്ണൂർ ജില്ലയ്ക്കു കീഴിലാണെന്നതാണു മറ്റൊരു പ്രത്യേകത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാഹിയിൽ കോൺഗ്രസിന്റെ കുത്തക തകർത്ത് 2,139 വോട്ടുകൾക്ക് ഇ.വത്സരാജിനെ തോൽപ്പിച്ചാണ് ഇടതുസ്വതന്ത്രനായ ഡോ. വി. രാമചന്ദ്രൻ വിജയിച്ചത്.
ഈ സാഹചര്യത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ടുതേടേണ്ട അവസ്ഥയിലാണു മാഹിയിലെ സിപിഎം, സിപിഐ പ്രവർത്തകർ. മാഹിക്ക് അപ്പുറവും ഇപ്പുറവുമുള്ള കണ്ണൂർ, വടകര ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസുമായി നേരിട്ടുള്ള പോരാട്ടത്തിലാണു സിപിഎമ്മും ഇടതുകക്ഷികളും.
ഭൂമിശാസ്ത്രപരമായി കേരളത്തിനൊപ്പം നില്ക്കുന്ന മാഹിയിൽ സിപിഎം പുതുച്ചേരിയിൽനിന്നു വ്യത്യസ്ത നിലപാട് കൈക്കൊള്ളുമോയെന്നാണ് ഇനി അറിയാനുള്ളത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മാഹി ഉൾപ്പെടുന്ന പുതുച്ചേരി മണ്ഡലത്തിൽ ഓൾ ഇന്ത്യ എൻആർ കോൺഗ്രസിലെ ആർ. രാധാകൃഷ്ണൻ കോൺഗ്രസിലെ വി. നാരായണ സ്വാമിയെ 60,854 വോട്ടുകൾക്കു പരാജയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സ്വതന്ത്രർ ഉൾപ്പെടെ 30 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.സിപിഐ, എഐഡിഎംകെ, ഡിഎംകെ, പാട്ടാളിമക്കൾ കക്ഷി, എഎപി തുടങ്ങിയ കക്ഷികളുടെ സ്ഥാനാർഥികളും ഇതിൽ ഉൾപ്പെടും. ഇടതുപക്ഷത്തിനായി സിപിഐ സ്ഥാനാർഥി ആർ. വിശ്വനാഥൻ 12,709 വോട്ടുകളാണു നേടിയിരുന്നത്.