സി. അനിൽകുമാർ
പാലക്കാട്: നാളെ ലോക വനദിനം. വനസംരക്ഷണപ്രവർത്തനങ്ങൾക്കു തിരിച്ചടിയായി കാട്ടുതീ പടരുന്നു. മരങ്ങൾ വച്ചുപിടിപ്പിച്ചും നിലവിലെ വനങ്ങൾ സംരക്ഷിച്ചുമുള്ള പ്രവർത്തനങ്ങൾ നടക്കുന്പോഴാണ് സംസ്ഥാനത്ത് കാട്ടുതീ വനമേഖലകളെ ചുട്ടെരിക്കുന്നത്. പ്രത്യേകിച്ചും വന്യജീവിസങ്കേതങ്ങളുൾപ്പടെുന്ന വിസ്തൃതവും ഹരിതാഭവുമായ വനമേഖലകളാണ് വേനലിന്റെ വറുതിക്കൊപ്പം കാട്ടുതീയിൽ ചുട്ടുചാന്പലാകുന്നത്.
സംസ്ഥാനത്ത് ഇതിനകം കാട്ടുതീയിൽ കോടിക്കണക്കിനു രൂപയുടെ വനസന്പത്താണ് നശിച്ചത്. നിരവധി വന്യജീവികളും ജൈവസന്പത്തും അഗ്നിക്കിരയായി. വനമേഖലയോടു ചേർന്ന കൃഷിയിടങ്ങളും കാട്ടുതീയിൽ നശിച്ചു. വേനലിന്റെ തുടക്കത്തിൽതന്നെ രൂപപ്പെട്ട കൊടുംചൂടിൽ അടിക്കാടുകൾ കരിഞ്ഞുണങ്ങിയ വനമേഖലകളിൽ കാട്ടുതീ പടർന്നുപിടിക്കുകയാണ്. കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന അധികൃതരുടെ കണ്ടുപിടിത്തം ആശങ്കയും സൃഷ്ടിക്കുന്നു.
പലയിടത്തും ആഴ്ചകളോളം പടർന്നുപിടിച്ച് നാശംവിതച്ചാണ് ഓരോ കാട്ടുതീയും അണഞ്ഞിട്ടുള്ളത്. പാലക്കാടിന്റെ വടക്കുപടിഞ്ഞാറുമേഖലയായ അട്ടപ്പാടിയിൽ ഇപ്പോഴും കാട്ടുതീ അണഞ്ഞിട്ടില്ലെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് സൈലന്റ് വാലി വന്യജീവിസങ്കേതമുൾപ്പെടുന്ന അട്ടപ്പാടി വനമേഖല ഇന്നു നേരിടുന്നത്.
ഹെലികോപ്ടർവഴി തീകെടുത്താനുള്ള ശ്രമംവരെ നടത്തിയെങ്കിലും തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഒരുമാസമായുള്ള കാട്ടുതീയിൽ ഇതിനകം 1500 ഏക്കർ വനം കത്തിനശിച്ചതായാണ് കണക്ക്. ഇതിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിലൂടെ പേരുകേട്ട കൃഷ്ണവനംവരെ കത്തിച്ചാന്പലായി. വന്യജീവികളും ജൈവസന്പത്തും കത്തിയമർന്നു. ആദിവാസികളുടെയും കുടിയേറ്റക്കാരുടെയും ഏക്കർകണക്കിനു കൃഷിയിടങ്ങളും നശിച്ചു.
മണ്ണാർക്കാട് ഡിവിഷന്റെ കീഴിൽ അട്ടപ്പാടിയിലെ ഭവാനി, സൈലന്റ് വാലി, അഗളി, അട്ടപ്പാടി റേഞ്ചുകളിലാണ് തീപിടിത്തം വ്യാപിക്കുന്നത്. ആദിവാസികളുടെ ഉത്സവംകൊണ്ട് ശ്രദ്ധേയമായ മല്ലീശ്വര മുടിയിലാണ് തീ ഇപ്പോഴും പടരുന്നത്. ഭാഗ്യവശാൽമാത്രമാണ് തീ സൈലന്റ് വാലി മേഖലയിലേക്കു പടരാതിരിക്കുന്നത്. കഴിഞ്ഞദിവസം ദേശീയ ദുരന്തനിവാരണസേനയുടെ ഹെലികോപ്ടറുകൾവരെ സ്ഥലത്തെത്തിച്ചു. ഒരുതവണ ശ്രമം നടത്തിയെങ്കിലും ഇതിന്റെ ആവശ്യമില്ലെന്നു വ്യക്തമായതോടെ പിൻവലിക്കുകയാണുണ്ടായതെന്ന് അധികൃതർ പറയുന്നു.
1980 കളിൽ കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ അട്ടപ്പാടി റേഞ്ചിലെ ബൊമ്മിയാംപടി ഒൗട്ട്പോസ്റ്റിലാണ് ജൈവസന്പുഷ്ടമായ കൃഷ്ണവനം നട്ടുവളർത്തിയത്. 86 ഏക്കർ വിസ്തൃതിയുണ്ടിതിന്. പരിസ്ഥിതി പുനഃസ്ഥാപനത്തിന് ഏറ്റ വൻ തിരിച്ചടിയാണ് കൃഷ്ണവനത്തിന്റെ നാശം. അട്ടപ്പാടിയിൽ ഒരുമാസമായി പടരുന്ന കാട്ടുതീ അധികൃതർക്കു തടയാൻ സാധിക്കാത്തതു വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
വർഷത്തിൽ ഒന്പതുമാസം മഴ ലഭിച്ചുകൊണ്ടിരുന്ന അട്ടപ്പാടിയിൽ ഇന്ന് 90 ദിവസംപോലും മഴയില്ലെന്നു പഴമക്കാർ പറയുന്നു. വനഭൂമി കൈയേറ്റവും അനധികൃതമരംവെട്ടലും കാട്ടുതീക്കു പിന്നിലുണ്ട്. ആദിവാസികളുടെ പരന്പരാഗതകൃഷികളെയാണ് കാട്ടുതീ കൂടുതലും ബാധിക്കുക. വന്യജീവികൾ കാടിറങ്ങുന്നതു സ്വൈര്യജീവിത്തേയും ബാധിക്കുന്നു.
പാലക്കാടിന്റെ മറ്റു മലയോരഭാഗങ്ങളായ മലന്പുഴയിലും പറന്പിക്കുളം കടുവാസങ്കേതത്തിനു സമീപവും തീപിടിത്തമുണ്ടായിരുന്നു. അതിശക്തമായ ചൂടും വീശിയടിക്കുന്ന കാറ്റും കാട്ടുതീ പടരാൻ കാരണമാകുന്നു. കഴിഞ്ഞമാസം 23 ന് വയനാടിന്റെ അതിർത്തിയായ ബന്ദിപ്പൂർ വനമേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ നശിച്ചത് 9000 ഹെക്ടർ വനമാണ്. മുത്തങ്ങ വന്യജീവിസങ്കേതത്തിനു സമീപംവരെ കാട്ടുതീ എത്തിയിരുന്നു. സൗത്ത് വയനാട് ഡിവിഷനിലും ബാണാസുരമലയിലും വ്യാപകമായ വനനാശമുണ്ടായി.
നാസയുടെ ഉപഗ്രഹസംവിധാനമായ ലാൻസ് ഫേംസ് ഉൾപ്പടെയുള്ള ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ കാട്ടുതീയുടെ കണക്ക് എടുത്തത്. ഇതിൽ ജനുവരി ഒന്നുമുതൽ പെബ്രുവരി 25 വരെയുള്ള കണക്കിൽ ചെറുതുംവലുതുമായി 567 തീപിടിത്തങ്ങളുണ്ടായിട്ടുണ്ട്. ഇടുക്കിയിൽ 190, പാലക്കാട് -118, തൃശൂർ-74, വയനാട്-67, കോട്ടയം -26, മലപ്പുറം-23 എന്നിങ്ങനെയാണിത്. ഇതിനുശേഷവും നിരവധിയിടങ്ങളിൽ കാട്ടുതീയുണ്ടായി.
പ്രളയത്തിൽ നിന്നും കരകയറുന്ന കേരളത്തിനു വരൾച്ചയുടെ വറുതിയാണോ കാട്ടുതീയിലൂടെകാത്തിരിക്കുന്നത്..? കാടു കത്തരുത്. കത്തിക്കരുത്. കാടുകൾ പൂക്കുന്ന കാലമാണ് നമുക്കുവേണ്ടതെന്നു പരിസ്ഥിതിശാസ്ത്രജ്ഞർ മുന്നറിയിപ്പു നല്കുന്നു.